തെരുവുകള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്; അയ്യപ്പനില്ലാത്ത എട്ടുവര്‍ഷം

ഉന്മേഷ് ശിവരാമന്‍
ജീവിതം പലപ്പോഴും പൊള്ളയാണ് ; പൊള്ളിക്കുന്നതും. ദുരന്തങ്ങളെ നേരിട്ടാണ് ജീവിതക്കരുത്ത് നേടുന്നത്. കാഴ്ചയില്‍ ദുര്‍ബലനായ എ അയ്യപ്പന്‍ അനുഭവങ്ങളില്‍ കാരിരുമ്പാണ്. കവിതകളിലൂടെ ഉന്‍മാദം പകര്‍ന്ന അയ്യപ്പന്‍ ഓര്‍മ്മയായിട്ട് എട്ടുവര്‍ഷം. തെരുവു വീടാക്കിയ കവിയുടെ വാക്കുകളോരോന്നും മലയാളിയെ പൊള്ളിച്ചിരുന്നു. കെട്ടുപാടുകള്‍ക്കും അടച്ചുറപ്പുകള്‍ക്കും പുറത്താണ് അയ്യപ്പന്‍ ജീവിച്ചതും കവിത നെയ്തതും.
ഉന്‍മാദത്തിന്റെ കവി
1949 ഒക്ടോബര്‍ 27-നായിരുന്നു ജനനം. നന്നേ ചെറുപ്പം മുതല്‍ ജീവിത പരീക്ഷണങ്ങള്‍ നേരിട്ടു. ഒരു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കൂട്ടുകാര്‍ വിഷം കൊടുത്തു കൊന്നതാണെന്നും പറയപ്പെടുന്നു. പതിനഞ്ചാം വയസ്സില്‍ അമ്മ പോയി. സഹോദരിയുടെ കൂടെ വളരുമ്പോഴും അയ്യപ്പന്‍ ഒറ്റയായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായിരുന്നു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ കുറേക്കാലം ജോലി ചെയ്തു. അക്ഷരം മാസികയുടെ പത്രാധിപരായിരുന്നു. സംവിധായകന്‍ ജോണ്‍ എബ്രഹാം ഉറ്റസുഹൃത്തായിരുന്നു. പാറിപ്പറന്ന മുടിയും ഉടഞ്ഞ വസ്ത്രവുമായി തെരുവുകളിലൂടെ അയ്യപ്പന്‍ അലഞ്ഞു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് അയ്യപ്പന്റെ കവിതകള്‍ക്ക് കണ്ണീരുപ്പു പകര്‍ന്നത്. കവിതയെഴുത്ത് ഭ്രാന്തമായ ആവേശമായിരുന്നു. വിയോഗത്തിന്റെ വിഷാദഗീതികളായിരുന്നു അയ്യപ്പന്‍ കവിത.
ഇരുട്ടില്‍ പുതഞ്ഞുപോയ
ഒരു ഓട്ടുവിളക്കായിരുന്നു
അവന്റെ പ്രേമം. (വാക്ക് തെറ്റിച്ച ജാതകം)
മണ്ണുപിളര്‍ന്നുപോയ പ്രേമമേ
മണക്കുന്ന ഒരു കരിമ്പനയാവുക (പ്രേമം നിശ്ശബ്ദമായതു കൊണ്ട്)
കൂട്ടുതരാമെന്ന് പ്രവചിച്ച സ്‌നേഹമേ
വീടില്ലാതെയെന്നില്‍ ഞാനലയുന്നു (അഗ്നിയും ജലവും)
പച്ചയായ പ്രണയത്തിലായിരുന്നു അയ്യപ്പനെന്ന കവിക്ക് വിശ്വാസം. ആശാനെഴുതിയതിന്റെ തുടര്‍ച്ചയായി ചില വരികള്‍.
വേണ്ടെനിക്ക് കല്ലുകടിക്കുന്ന
കാമത്തിന്റെ ചോറ്
സ്വേദവും കണ്ണീരും നിറഞ്ഞ
സ്വാദാണെനിക്ക് പ്രേമം (പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)
സംശുദ്ധമായ പ്രണയത്തിന്
ഒരിന്ദ്രജാലവുമില്ല.
ഞാന്‍ പ്രണയത്തിന്റെ രക്തസാക്ഷിയാണ് (പ്രേമത്തിന്റെ ചിഹ്നവും ഗോത്രവും)
കാലത്തിന്റെ മുറിവേറ്റ് അലയുമ്പോള്‍ പെങ്ങള്‍ അയ്യപ്പന് സാന്ത്വനമായിരുന്നു. തെരുവില്‍ അലയുമ്പോഴും ഇടയ്ക്കിടെ പെങ്ങളിലേക്ക് മടങ്ങി
ഇലകളായി ഇനി നമ്മള്‍
പുനര്‍ജ്ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം
എനിക്കൊരു കാമിനിയല്ല
ആനന്ദത്താലും ദു:ഖത്താലും കണ്ണുനിറഞ്ഞ
ഒരു പെങ്ങളില വേണം (ആലില)
പുറത്ത്
മരം പെയ്യുന്ന മഴ
കണ്ണുചിമ്മിയുണരുമ്പോള്‍
മെഴുകുതിരിയുടെ കത്തുന്ന
മുറിവുപോലെ പെങ്ങള്‍ (ഒന്നാം വാര്‍ഡ്)
അരികുജീവിതങ്ങളുടെ വിഷാദം നിഴലിച്ചിരുന്നു അയ്യപ്പന്റെ കവിതകളില്‍.
വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളിത്തൊരുവനോട്
കുട്ടിയ്‌ക്കൊരു പേരിടാനും
ചൊല്ലവേ, നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ (ഈശാവാസി)
ഇംഗ്ലീഷിലേക്കും അയ്യപ്പന്റെ കവിതകള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടു. ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചെന്നൈയിലേക്ക് പോകാനിരിക്കെയാണ് അയ്യപ്പന്റെ മരണം. തിരുവനന്തപുരത്ത് വഴിയരികില്‍ കുഴഞ്ഞുവീണ അയ്യപ്പനെ ആരും തിരിച്ചറിഞ്ഞില്ല. പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ ആശുപത്രി ജീവനക്കാരില്‍ ഒരാളാണ് അയ്യപ്പനെ തിരിച്ചറിഞ്ഞത്. അയ്യപ്പനിപ്പോഴും മരണമില്ലാത്ത ലോകത്താണ് ; അയ്യപ്പന്റെ കവിതകളും
അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്.
വേടന്റെ കൂര കഴിഞ്ഞ്
റാന്തല്‍വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍ കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി
(അയ്യപ്പന്‍ അവസാനമായി എഴുതിയ കവിത-‘പല്ല് ‘ )
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here