ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍; പിണറായി വിജയന്‍

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപകമായ ആക്രമണങ്ങളാണ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നടന്നത്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കും. ഭക്തര്‍ക്കും മാധ്യമപ്രവര്‍ത്തര്‍ക്കും എതിരെ വലിയ തോതില്‍ ആക്രമണം നടന്നു. ഇതിന്റെ പിന്നില്‍ സംഘപരിവാറാണ് . ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിച്ചത് സംഘപരിവാറാണ്. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടഞ്ഞത് ഭക്തരല്ല, സ്ത്രീകള്‍ പമ്പയില്‍ നില്‍ക്കുമ്പോള്‍ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഈ ഗൂഢപദ്ധതിയുടെ ഭാഗമാണ്. കേരളത്തില്‍ എവിടെയായാലും അവരുടെ വീടിന് നേരെ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ ആക്രമണങ്ങള്‍ യാദൃശ്ചികമല്ല. നവമാധ്യമങ്ങളിലൂടെ ഇതിനായി ആഹ്വാനം നടത്തി. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതിൽ മറ്റാർക്കും അവകാശം ഇല്ല. ദേവസ്വം ബോർഡിന്റെ ചില്ലിക്കാശു പോലും സർക്കാർ എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിയും മതവും നോക്കിയല്ല പോലീസ് പ്രവർത്തിക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് എത്താനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ എത്തിയാലും തടയുന്ന അവസ്ഥയാണ് ഉണ്ടായത്. ഭക്തകള്‍ കണ്ണീരോടെ സന്നിധാനം വിട്ട് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവിലുള്ള സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഏതൊരു സർക്കാരിന്റേയും ബാധ്യതയാണ്. വിശ്വാസികളെ അപമാനിക്കാനും അവരെ വഴിതെറ്റിക്കാനുമാണ് സംഘപരിവാർ ശ്രമം.
ശബരിമലയെ മുൻ നിർത്തിയുള്ള രാഷ്ട്രീയ കളിയാണ് കോൺഗ്രസും ബിജെപിയും പയറ്റുന്നത്. വിധിയെ ആദ്യം സ്വാഗതം ചെയ്തവരാണ് ഇക്കുട്ടർ. ബിജെപി അജണ്ടയുമായി ചേർന്നു പ്രവർത്തിക്കുന്ന ചിലർ കോൺഗ്രസിലുണ്ട്. അവരുടെ നിലപാടിനൊപ്പം നീങ്ങിയാല്‍ കോൺഗ്രസ് തകർന്നടിയും. ആര്‍എസ്എസ് അക്രമത്തെ ന്യായീകരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയുണ്ട്..
നാടിന്റെ നവോഥാന പാരമ്പര്യവും മതനിരപേക്ഷതയും തകർക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ തീരുമാനിയ്ക്കാനുള്ള അവകാശം തന്ത്രിയ്ക്കുണ്ടാകാം, പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ബോർഡിനാണെന്ന് മറന്ന് പോകരുത്. വിശ്വാസികൾ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീംകോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here