Advertisement

സ്വാതി കൃഷ്ണ; ഇതാണ് ട്വന്റിഫോറിന്റെ ‘യുവതി’ റിപ്പോര്‍ട്ടര്‍ (ശബരിമല സ്പെഷ്യല്‍)

October 23, 2018
2 minutes Read

സന്നിധാനത്ത് വാര്‍ത്ത കവര്‍ ചെയ്യാനെത്തിയ ട്വന്റിഫോര്‍ ന്യൂസ് ടീമിനെ ആക്രമിച്ച ഭക്ത സംഘം ഏറ്റവും കൂടുതല്‍ വാക്കാല്‍ ആക്രമിച്ചത് ഈ ‘യുവതി’ റിപ്പോര്‍ട്ടറെയാണ്, സ്വാതി കൃഷ്ണ. പക്ഷേ ഈ കണ്ട് പിടുത്തത്തില്‍ രണ്ട് തിരുത്തുണ്ട്. അതിലൊന്ന് അല്‍പം വലിയ തിരുത്താണ് സ്വാതി കൃഷ്ണ സ്ത്രീയല്ല പുരുഷനാണ് എന്നതാണ് അത്, മറ്റൊന്ന് സ്വാതി കൃഷ്ണ റിപ്പോര്‍ട്ടറല്ല, ട്വന്റിഫോറിന്റെ ക്യാമറമാനാണ്.
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ ‘കാവിയുടുക്കുന്ന’ ഒരു സംഘം തന്നെയാണ് ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ടതെന്ന് തെളിയിക്കാന്‍ സ്വാതിയുടെ ഉദാഹരണം മാത്രം മതി. ഇവര്‍ തന്നെയാണ് അമ്പത് വയസിന് മേല്‍പ്രായമുള്ള ഭക്തകളുടേയും ഇരുമുടിക്കെട്ടില്‍ തിരിച്ചറിയല്‍ കാര്‍ഡ് തപ്പിയത്.
ട്വന്റിഫോറില്‍ നിയമനം ലഭിച്ച ശേഷം സ്വാതികൃഷ്ണ ചാനലിന് വേണ്ടി ചെയ്യാനായി പോയ ‘കന്നി വാര്‍ത്ത’യായിരുന്നു സന്നിധാനം. മുമ്പ് നിരവധി തവണ മാലയിട്ട് മലകയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വാര്‍ത്താ സംഘത്തിനൊപ്പം ജോലിയുടെ ഭാഗമായി സന്നിധാനത്തേക്ക് എത്തുന്നത്.

“സത്യസന്ധമായ റിപോട്ടിങ് ആയിരുന്നു ഉദ്ദേശമെങ്കിൽ വനിത റിപ്പോർട്ടറെ ഈ പ്രത്യേക സാഹചര്യത്തിൽ നിങ്ങൾക്ക് മാറ്റിനിർത്തമായിരുന്നു” എന്ന തരത്തിലാണ് ട്വന്റിഫോറിന്റെ പേജില്‍ കമന്റുകള്‍ കുമിഞ്ഞ് കൂടിയത്.  വാര്‍ത്താസംഘത്തെ ഉപദ്രവിക്കുമ്പോഴും ഈ അക്രമികള്‍ തിരഞ്ഞത് ട്വന്റിഫോര്‍ ‘കാറിലൊളിപ്പിച്ച് കടത്താന്‍’ ശ്രമിച്ച ഈ ‘വനിതാ’ റിപ്പോര്‍ട്ടറെയാണ്. അക്രമികള്‍ ഇക്കാര്യം പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നുവെന്ന് അന്ന് ഇവരുടെ മര്‍ദ്ദനമേറ്റ ‘യഥാര്‍ത്ഥ’ റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷ് പറഞ്ഞു.  ഒരു വനിതാ റിപ്പോര്‍ട്ടറേയും കൊണ്ടാണ് ട്വന്റിഫോര്‍ വാര്‍ത്താ സംഘം എത്തുന്നതെന്നത്  വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നിഖിലിനേയും സംഘത്തേയും ഇവര്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചതിന് പിന്നിലെ കാരണവും ഈ വാര്‍ത്ത തന്നെ. ട്വന്റിഫോറിന്റെ റിപ്പോര്‍ട്ടറേയും, ക്യാമറാമാനേയും, ഡ്രൈവറേയും മര്‍ദ്ദിച്ച് അവശരാക്കി ബന്ദിളാക്കിയ സംഘം ഇവര്‍ സഞ്ചരിച്ച കാറും, ഇവരുടെ ക്യാമറയും തല്ലി തകര്‍ത്ത ശേഷമാണ് ഇവരെ മോചിപ്പിച്ചത്. എല്ലാവരുടേയും മൊബൈലുകളും നശിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 17നാണ് ട്വന്റിഫോറിന്റെ മാധ്യമ സംഘം ആക്രമിക്കപ്പെട്ടത്. നിലയ്ക്കലിന് തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. അക്രമികള്‍ ട്വന്റിഫോറിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഇവരെ പിടിച്ചിറക്കി മര്‍ദ്ദിച്ചത്.  ഇവരെ ബലമായി പിടിച്ചിറക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മൂവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ അക്രമികള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇവരുടെ മര്‍ദ്ദനം ഏറ്റുവാങ്ങിയ കൂട്ടത്തിലെ ഡ്രൈവര്‍ കൃഷ്ണകുമാര്‍ ശബരിമലയില്‍ പോകാനായി മാലയിട്ടിരിക്കുകയായിരുന്നു. ഇത് കണ്ടിട്ടും അക്രമി സംഘം മര്‍ദ്ദനം തുടരുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top