‘അത്ര മോശം സിനിമയാണോ ഇത്?’; ആളൊരുക്കം സിനിമയുടെ സംവിധായകന്‍ ചോദിക്കുന്നു

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒട്ടേറെ വാങ്ങിക്കൂടിയ ആളൊരുക്കം എന്ന സിനിമയ്ക്ക് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണന. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി അപമാനിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ വി.സി അഭിലാഷ് ആരോപിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നിന്ന് നേരിടേണ്ടി വന്നതിലും വലിയ അപമാനമാണിതെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  ഐഎഫ്എഫ്‌കെ വലിയൊരു സ്വപ്‌നമായിരുന്നു. അത്ര മോശം സിനിമയാണോ ഇത് എന്ന് ചോദ്യത്തോടെയാണ് സംവിധായകന്‍ വി.സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം, ആളൊരുക്കത്തെ ഒഴിവാക്കിയ ജൂറിയുടെ നടപടിക്കെതിരെ സിനിമാ പ്രേമികളുടെ വ്യാപക പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം മേളയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ചോദിച്ച മാധ്യമങ്ങളോട് സാമൂഹ്യ പ്രസക്തിക്കുള്ള അവാര്‍ഡായിരുന്നു അത് എന്നാണ് ജൂറി വിശദീകരണം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത്
ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര
മോശം സിനിമയായിരുന്നോ ഇത് ?

”ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?”- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ?

ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?

വേദനയോടെ പറയട്ടെ..

ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.

ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ
പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും
ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!

സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!

കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ?

അറിയില്ല..

ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ…
അവർ തിരുത്തിയിരുന്നെങ്കിൽ.. !!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top