വിന്‍ഡീസിന് ‘ഹോപ്’; ഇന്ത്യയ്ക്ക് സമനില

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് നേരത്തെ 321 റണ്‍സ് നേടിയത്. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരമാണ് വിശാഖപട്ടണത്ത് നടന്നത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് മുന്നിലാണ്.
ഇന്ത്യ വച്ചുനീട്ടിയ 322 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് വിന്‍ഡീസ് അനായാസം ബാറ്റ് വീശുകയായിരുന്നു. തുടക്കം മുതലേ അടിച്ചുകളിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ശ്രദ്ധിച്ചത്. പേസര്‍മാരെയും സ്പിന്നിനെയും അവര്‍ ഒരുപോലെ ആക്രമിച്ചു. മൂന്നാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായി ഹോപും അഞ്ചാം നമ്പറിലെത്തിയ ഷിംറോണ്‍ ഹെറ്റ്മിറും കരീബിയന്‍സിന്റെ സ്‌കോര്‍ബോര്‍ഡിന് കരുത്തേകി. 78 റണ്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇന്‍ഡീസിന് നാലാം വിക്കറ്റ് നഷ്ടപ്പെട്ടത് സ്‌കോര്‍ബോര്‍ഡില്‍ 221 റണ്‍സ് ആയതിനുപിന്നാലെയാണ്. ഹോപിന്റെയും ഷിംറോണിന്റെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ട് ഇന്ത്യയ്ക്ക് വെല്ലുവിളിയായി. 64 പന്തില്‍ നിന്ന് 94 റണ്‍സാണ് ഹെറ്റ്മിറിന്റെ സംഭാവന. ഏഴ് സിക്‌സറുകളും നാല് ഫോറും അടങ്ങിയ ഇന്നിംഗ്‌സായിരുന്നു ഹെറ്റ്മിറിന്റേത്. ഹെറ്റ്മിറിന്റെ കൂറ്റനടി വെസ്റ്റ് ഇന്‍ഡീസിന്റെ റണ്‍റേറ്റ് അതിവേഗം ഉയര്‍ത്തി. സെഞ്ച്വറി തികക്കാന്‍ ആറ് റണ്‍സ് മാത്രം വേണ്ടിയിരിക്കേ ചഹലാണ് ഹെറ്റ്മിറിനെ പുറത്താക്കിയത്.
മറുവശത്ത് ഷായി ഹോപ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കി ബാറ്റുവീശുന്നുണ്ടായിരുന്നു. കരുതലോടെ ബാറ്റിംഗ് തുടര്‍ന്ന ഹോപ് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്നും തോന്നിപ്പിച്ചു. മറുവശത്ത് അഞ്ചാമത്തെയും ആറാമത്തെയും വിക്കറ്റുകള്‍ നഷ്ടമായപ്പോഴും സെഞ്ച്വറിയുമായി ഹോപ് കുതിച്ചു. എന്നാല്‍, അവസാന ഓവറുകളില്‍ വിന്‍ഡീസിന് താളം തെറ്റി. ചഹലിന്റെ 48-ാം ഓവറും ഷമിയുടെ 49-ാം ഓവറും വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയായി. സെഞ്ച്വറി നേടി ക്രീസിലുണ്ടായിരുന്ന ഹോപിനും അവസാന ഓവറില്‍ കാര്യമായി റണ്‍സ് നേടാന്‍ സാധിച്ചില്ല. ഒടുവില്‍ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിവന്നത് 14 റണ്‍സ്.
ഉമേഷ് യാദവിന്റെ അവസാന ഓവര്‍ നാടകീയമായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഹോപ് സിംഗിള്‍ സ്വന്തമാക്കി. രണ്ടാം പന്ത് ലെഗ് ബൈ ഫോര്‍ വഴങ്ങിയതോടെ കാര്യങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിന് അനുകൂലം. മൂന്നാം പന്തില്‍ ക്രീസിലുണ്ടായിരുന്ന നഴ്‌സ് രണ്ട് റണ്‍സ് സ്വന്തമാക്കി. അവസാന മൂന്ന് പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ് മാത്രം. നാലാം പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന് നഴ്‌സിന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ. അവസാന രണ്ട് പന്തില്‍ വെസ്റ്റ് ഇന്‍ഡീസിന് നിന്ന് ജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്. സെഞ്ച്വറി നേടി ക്രീസിലുണ്ടായിരുന്നു ഹോപ് അഞ്ചാം പന്തില്‍ ഡബിള്‍ സ്വന്തമാക്കി. അവസാന പന്തില്‍ അഞ്ച് റണ്‍സ് സ്വന്തമാക്കിയാല്‍ വിന്‍ഡീസിന് ജയിക്കാമെന്ന സാഹചര്യം. എന്നാല്‍, ഹോപ് ഫോര്‍ സ്വന്തമാക്കിയതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ഷായി ഹോപ് 134 പന്തില്‍ നിന്ന് പുറത്താകാതെ 123 റണ്‍സ് നേടി.
ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ ഉഗ്രന്‍ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു. 129 പന്തുകളില്‍ നിന്ന് 157 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. 13 ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. വ്യക്തിഗത സ്‌കോര്‍ 81 ല്‍ എത്തിയപ്പോള്‍ കോഹ്‌ലി ഏകദിന ക്രിക്കറ്റിലെ 10000 റണ്‍സ് ക്ലബില്‍ ഇടം പിടിച്ചു. ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന താരമാണ് കോഹ്‌ലി. 80 പന്തുകളില്‍ നിന്ന് 73 റണ്‍സ് നേടിയ റിഷബ് പന്ത് കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ആഷ്‌ലി നഴ്‌സ്, ഒബാദ് മക്കോയ് എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here