Advertisement

‘തൃശൂരിലെ തോല്‍വിയില്‍ പാര്‍ട്ടി ഇരുട്ടില്‍ തപ്പുന്നു’; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

3 hours ago
1 minute Read
cpi

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയില്‍ പാര്‍ട്ടി ഇരുട്ടില്‍ തപ്പുന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ജില്ലാ കൗണ്‍സിലുകളാണ് വിമര്‍ശനം ഉന്നയിച്ചത്. കള്ളവോട്ട് ചേര്‍ത്തുവെന്ന് പറയുന്നത് വെറും മുട്ടുന്യായമെന്നും തോറ്റ് ഒന്നേകാല്‍ കൊല്ലം കഴിഞ്ഞ് വിഷയം ഉന്നയിച്ച് പാര്‍ട്ടി അപഹാസ്യരായെന്നും വിമര്‍ശനമുയര്‍ന്നു.

സിപിഐയുടെ ഈറ്റില്ലമായ അന്തിക്കാടും, സ്ഥാനാര്‍ഥിയുടെ സ്വന്തം ബൂത്തിലും താഴെ പോയെന്നും ബിജെപിയെ പ്രതിരോധിക്കുവാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസ് ഒരു മണ്ഡലത്തില്‍ ഒന്നാമതെത്തി. എല്‍ഡിഎഫിന് അതും സാധിച്ചില്ല. രണ്ടിടത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് പോയത് വലിയ നാണക്കേടാണ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും പ്രവര്‍ത്തനത്തിലും പാര്‍ട്ടി അമ്പേ പരാജയം. അമിത ആത്മവിശ്വാസവും എതിരാളിയെ ചെറുതായി കണ്ടതും വിനയായെന്നും വിമര്‍ശനമുണ്ട്. തൃശൂരിലെ പരാജയം പാഠമാകണമെന്നും സമ്മേളനത്തില്‍ അഭിപ്രായമുണ്ടായി.

സമ്മേളനത്തില്‍ സിപിഐ ദേശീയ നേതൃത്വത്തിനും ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സര്‍ക്കാരിന് കളങ്കമാണ് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പ് എന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മനയമാണെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. എന്നാല്‍ രാഷ്ട്രീയ റിപ്പോര്‍ട്ടിലെ ചര്‍ച്ചയിലെ ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്ക് കാര്യമായ മറുപടി
കെ പ്രകാശ് ബാബു നല്‍കിയില്ല.

രാഷ്ട്രീയ റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും ആഭ്യന്തരവകുപ്പിനെതിരെ കാതലായ വിമര്‍ശനം ഉണ്ടായില്ലെങ്കിലും രാഷ്ട്രീയ റിപ്പോര്‍ട്ടിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതാണ് കണ്ടത്. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ആര്‍എസ്എസ് ഫ്രാക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും സ്റ്റേഷനുകളില്‍ ഇടി വാങ്ങുകയാണെന്നും ഒരംഗം പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ ഏറ്റവും വലിയ കളങ്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. എന്നാല്‍ പൊലീസിനെതിരെ പോസിറ്റീവായ വിമര്‍ശനങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.

Story Highlights : Criticism at CPI state conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top