അലോക് വര്‍മയുടെ ഹര്‍ജി നാളെ പരിഗണിക്കും

ഡയറക്ടര്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയ നടപടിക്കെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ (വെള്ളിയാഴ്ച) പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും നടപടി നിയമവിരുദ്ധമാണെന്ന് അലോക് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടെ യോഗം ചേര്‍ന്നു മാത്രമേ സിബിഐ ഡയറക്ടറെ നീക്കാന്‍ കഴിയൂ. അതിനാല്‍, കാലാവധി അവസാനിക്കുന്നതിനു മുന്‍പ് സ്ഥാനത്തുനിന്നും നീക്കിയതായ ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ തലപ്പത്തുള്ള മാറ്റത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയും നാളെ പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here