‘ഇത് മഫ്തിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍’; ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസ് ഉദ്യാഗസ്ഥന്‍ ഉള്‍പ്പെട്ടത് ഇങ്ങനെ

kerala policeeee

ശബരിമലയില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിട്ടവരെ പിടികൂടുന്നതിന്റെ ഭാഗമായി പത്തനംതിട്ട പോലീസ് പുറത്തുവിട്ട ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും ഉള്‍പ്പെട്ടതില്‍ കേരളാ പോലീസിന്റെ വിശദീകരണം. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമായിരുന്നു ലുക്ക് ഔട്ട് നോട്ടിസിലേതെന്ന് പോലീസ് വ്യക്തമാക്കി. ഈ ലിസ്റ്റില്‍ മഫ്തിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും അവിചാരിതമായി കടന്നുകൂടുകയായിരുന്നു. ഈ ചിത്രത്തിലുള്ളത് പത്തനംതിട്ട എആര്‍ ക്യാമ്പിലെ ഡ്രൈവറും സീനിയര്‍ പോലീസ് ഓഫീസറുമായ ഇബ്രാഹിമാണെന്ന് പോലീസ് വ്യക്തമാക്കി.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചരണം ഞങ്ങൾക്ക് പറയാനുള്ളത് :

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതിൽ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്.

വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കിൻ്റെ ചിത്രമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് . ഈ ഉദ്യോഗസ്ഥൻ്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.

രണ്ടാമത്തെ സംഭവത്തിൽ: ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് . ഇതിൽ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതിൽ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് . വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ തുടങ്ങവേ അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാൽ സംശയമുള്ളവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top