‘പരാതിക്കാരോടും കുറ്റാരോപിതരോടും മാന്യമായി പെരുമാറണം’; പൊലീസിന് മുന്നറിയിപ്പുമായി സ്റ്റാലിൻ

പൊലീസിന് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ 27 വയസ്സുള്ള യുവാവ് മരിച്ചതിനെത്തുടർന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. കസ്റ്റഡി മരണങ്ങളിലും മർദനങ്ങളിലും കർശന നടപടിയുണ്ടാകും.
പരാതിക്കാരോടും കുറ്റാരോപിതരോടും മാന്യമായി പെരുമാറണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ലഹരിമരുന്ന് കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.
“മയക്കുമരുന്ന്, സ്ത്രീ സുരക്ഷ, ലോക്കപ്പ് മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്യനിർവ്വഹണത്തിൽ പരാജയപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യോഗത്തിൽ ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു,” – സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
കുറ്റവാളികൾ ആരായാലും കുറ്റകൃത്യങ്ങൾ തടയണമെന്ന് സ്റ്റാലിൻ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ, അവർ റൗഡിയോ രാഷ്ട്രീയക്കാരനോ പൊലീസുകാരനോ ആകട്ടെ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് ശിവഗംഗയിലെ കസ്റ്റഡി മരണത്തോടെ എം കെ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമായി. പൊലീസിന് മേൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. എഐഎഡിഎംകെ ഭരണ കാലത്തെ സാത്താൻകുളം കസ്റ്റഡി കൊലയും തൂത്തുക്കുടി വെടിവയ്പ്പും പൊലുള്ള പൊലീസ് അതിക്രമങ്ങൾ ആവർത്തിക്കില്ലെന്ന വാക്ക് നൽകിയാണ് 2021ൽ എം.കെ. സ്റ്റാലിൻ അധികാരത്തിലെത്തിയത്. എന്നാൽ മൂന്ന് വർഷത്തിനിടെ പൊലീസ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായത് 25 പേർക്ക്.
Story Highlights : m k stalin warns cops on custodial death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here