ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ ഇടപാടിനെ ഉള്‍പ്പെടുത്താനാകാതെ കേന്ദ്രസര്‍ക്കാര്‍

ആര്‍.രാധാക്യഷ്ണന്‍
‘ഒഫിഷ്യല്‍ സീക്രട്ട് ആക്ട്’ എന്നത് അതാത് കാലങ്ങളിലെ കേന്ദ്രസര്‍ക്കാരുകളുടെ ഒരു പൂഴിക്കടകനാണ്. മറ്റെല്ലാ മാര്‍ഗങ്ങളും അടയുകയും തിരിച്ചടി ഉറപ്പാകുകയും ചെയ്യുന്ന ഘട്ടത്തില്‍ ഈ ആയുധം അതതുകാലത്തെ കേന്ദ്രസര്‍ക്കാരുകള്‍ ഉപയോഗിക്കും. ബന്ധപ്പെട്ട വിവരം ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ഭാഗമാണെന്നും ദേശസുരക്ഷയെ ബാധിയ്ക്കുന്നതാണെന്നും സത്യവാങ്മൂലം സമര്‍പ്പിയ്ക്കുന്നതോടെ കാര്യങ്ങള്‍ അവസാനിയ്ക്കും. ഇത്തരം സാഹചര്യത്തില്‍ പിന്നിട് സുപ്രീം കോടതി ബന്ധപ്പെട്ട വ്യവഹാരത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന നിലപാട് സ്വീരിക്കില്ല. റാഫേലിലും ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ ഒഫിഷ്യല്‍ സീക്രട്ട് ആക്ട് എന്ന ആയുധം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉണ്ട്. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുമോ എന്ന കാര്യത്തിലാണ് സംശയം. പ്രധാന കാരണം കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട് എന്നത് തന്നെ.
2016 നവംബര്‍ 18നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഈ അതിബുദ്ധികാട്ടിയത്. സെന്‍ട്രല്‍ സെക്രട്ടേറിയേറ്റിന്റെ ഇടനാഴികളില്‍ റാഫേല്‍ കരാറില്‍ അസ്വാഭികമായ ചില ഇടപെടലുകള്‍ നടന്നെന്ന രഹസ്യം പറച്ചിലുകള്‍ അക്കാലത്ത് ഉയര്‍ന്നിരുന്നു. ഇക്കാര്യം വിശ്വസ്ത വിധേയര്‍ പ്രധാനമന്ത്രിയുടെ ചെവിയിലെത്തിക്കുകയും ചെയ്തു. ഇപ്പോള്‍ റാഫേല്‍ ആഘോഷിയ്ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസോ പ്രതിപക്ഷമോ ഒരു ചോദ്യം പോലും ഇക്കാര്യത്തില്‍ ഉയര്‍ത്തിയില്ല. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യം അതേ സമ്മേളനത്തില്‍ സഭയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ ബീഹാറില്‍ നിന്നുള്ള ബി.ജെ.പി അംഗം സുശീല്‍ കുമാര്‍ സിംഗ് ആണ് സഭയുടെ ശ്രദ്ധ വിഷയത്തിലേക്ക് ക്ഷണിച്ചത്. കരാര്‍ രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരും എന്ന മറുപടി മാത്രമാണ് അന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചത്. എന്നാല്‍ സഭയെ അത്ഭുതപ്പെടുത്തുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ റാഫേല്‍ വിമാന ഇടപാടുമായ് ബന്ധപ്പെട്ട വിവരങ്ങള്‍ ലോകസഭയില്‍ വിവരിച്ചു. ഇത് വാസ്തവത്തില്‍ നരേന്ദ്രമോദിയുടെ അതിബുദ്ധി ആയിരുന്നു. തുടര്‍ ചോദ്യങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിരോധ വിഷയമായിട്ടും വിവരങ്ങള്‍ മറച്ച് വയ്ക്കാതെ വ്യക്തമാക്കാന്‍ തയ്യാറായ കേന്ദ്രസര്‍ക്കാരിനെ അന്ന് മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
എന്നാല്‍, സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ അറിയിച്ചത് റാഫേല്‍ വിവരങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നാണ്. പക്ഷേ, ഇതേകുറിച്ച് സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയതുമില്ല. വിവരങ്ങള്‍ രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് രേഖാപരമായി സര്‍ക്കാറിന് വിവരിയ്ക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് അത്. ഇനി സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ തന്നെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി രേഖകള്‍ ആവശ്യപ്പെടും. ആ ഘട്ടത്തില്‍ സുപ്രീം കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ താങ്ങാന്‍ വലിയ വിലയാകും കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിയ്ക്കും നല്‍കേണ്ടി വരിക.
രാജ്യത്തിന്റെ ഖജനാവിന് 41000 കോടിരൂപയുടെ നഷ്ടമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ള സൂചനകള്‍ അനുസരിച്ച് കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. യു.പി.എ ഭരണകാലത്ത് ഒരു വിമാനത്തിന്റെ വില 526 കോടി ആയിരുന്നത് പുതിയ കരാര്‍ അനുസരിച്ച് 1670 കോടിയായ് മാറി. അതായത് ഇപ്പോഴുള്ള ഒരു പ്രതിരോധവും കൊണ്ട് റാഫേല്‍ ഇടപാടില്‍ ഉയര്‍ന്നിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. സ്വയം കുഴിച്ച കുഴിയില്‍ ചാടാതെ രക്ഷപ്പെടാന്‍ ഉള്ളപാടവം നരേന്ദ്ര മോദിയ്ക്ക് ഉണ്ടോ എന്നത് കൂടിയാകും ഫലത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ വ്യക്തമാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here