‘ഒരു കുഞ്ഞ് ആരാധകന്റെ സ്വപ്‌നസാക്ഷാത്കാരം’; അസിമിനെ ചേര്‍ത്തുനിര്‍ത്തി ധവാനും യാദവും

മുഹമ്മദ് അസിം വലിയ സന്തോഷത്തിലാണ്. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തതാണ് ഇന്ന് നടന്നിരിക്കുന്നത്. ഏകദിന മത്സരത്തിനായി കേരളത്തിലെത്തിയ ഇന്ത്യന്‍ താരങ്ങളെ നേരിട്ട് കാണുക എന്നതായിരുന്നു അസിമിന്റെ ആഗ്രഹം. ഒരുനോക്ക് കണ്ടാല്‍ മാത്രം മതിയെന്നായിരുന്നു അസിമിന്റെ ഉള്ളില്‍. എന്നാല്‍, ശിഖര്‍ ധവാനും ഉമേഷ് യാദവും അസിമിനെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോയും എടുത്തു. പിന്നെ, പറയാനുണ്ടോ അസിമിന്റെ സന്തോഷം. പക്ഷേ, കോഹ്‌ലിയെയും ധോണിയെയും കാണാന്‍ സാധിക്കാത്തതില്‍ അസിമിന് ചെറിയ സങ്കടവുമുണ്ട്. കാര്യവട്ടത്ത് നിന്ന് ട്വന്റിഫോറിനുവേണ്ടി എല്‍ദോ പോള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനത്തിനായി കായിക പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ നെഞ്ചോട് ചേര്‍ത്ത ജനതയാണ് കേരളത്തിലേത്. കായിക താരങ്ങളോടുള്ള മലയാളികളുടെ ആരാധന എത്ര പറഞ്ഞാലും അവസാനിക്കാത്തതാണ്. കാര്യവട്ടത്ത് നാളെ നടക്കാനിരിക്കുന്ന ഏകദിന മത്സരത്തിനായി ആയിരക്കണക്കിന് ആരാധകര്‍ ഇതിനോടകം തന്നെ തിരുവനന്തപുരത്തെത്തിയിട്ടുള്ളത് അതിന് തെളിവാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കേരളത്തിലെത്തിയത്. ഇന്ന് പരിശീലന ദിവസമായിരുന്നു. കോവളത്തെ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിക്കുന്നത്. അവിടേക്ക് ആരാധകരുടെ ഒഴുക്കാണ്. പ്രിയ താരങ്ങളെ കാണാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ക്കിടയില്‍ നിന്ന് വളരെ വ്യത്യസ്തനായ ഒരു ആരാധകനെ കാണാന്‍ സാധിച്ചു. ഭിന്നശേഷിക്കാരനായ കോഴിക്കോട് ഓമശേരി സ്വദേശി മുഹമ്മദ് അസിം ആയിരുന്നു അത്.

12 വയസുകാരനായ അസിം ഏറെ പ്രതീക്ഷയോടെയാണ് അനന്തപുരിയിലെത്തിയത്. താന്‍ ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരങ്ങളെ ഒന്ന് കാണണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഒടുവില്‍, അസിമിന്റെ ആഗ്രഹം സാധ്യമാക്കാന്‍ ട്വന്റിഫോറിന്റെ പ്രതിനിധികള്‍ പരിശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അസിം ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ഉമേഷ് യാദവ് എന്നിവരെ കണ്ടു. അവര്‍ക്കൊപ്പം ഫോട്ടോ കൂടി എടുക്കാന്‍ സാധിച്ചതോടെ അസിം ഡബിള്‍ ഹാപ്പി. പക്ഷേ, വിരാട് കോഹ്‌ലിയെയും മഹേന്ദ്രസിംഗ് ധോണിയെയും കാണാന്‍ സാധിക്കാത്തത് അസിമിനെ സംബന്ധിച്ചിടുത്തോളം വലിയ വേദനയാണ്.

ഭിന്നശേഷിക്കാരനാണെന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വലിയ ചെറിയ മനുഷ്യന്‍ കൂടിയാണ് മുഹമ്മദ് അസിം. ബംഗളൂരുവില്‍ നിന്ന് കലാം ഫൗണ്ടേഷന്റെ ഇന്‍സ്പിയര്‍ ഇന്ത്യന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് അസീം കാര്യവട്ടത്ത് പ്രിയ താരങ്ങളെ കാണാന്‍ എത്തിയത്. പിതാവ് ഷഹീദിനൊപ്പമാണ് അസിം തിരുവനന്തപുരത്ത് എത്തിയത്. മകന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഈ പിതാവ് കൂടെയുണ്ട്. അങ്ങനെയാണ് കാര്യവട്ടത്തേക്ക് ഉപ്പയും മകനും വണ്ടി കയറിയത്.

നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും എന്നാണ് അസീം ട്വന്റിഫോറിനോട് പ്രതികരിച്ചത്. ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീയെയും വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെയും നേരില്‍ കണ്ട അനുഭവവും അസീം ട്വന്റിഫോറിനോട് പങ്കുവെച്ചു. തന്റെ പരിമിതികളോട് തോല്‍വി സമ്മതിച്ച് വെറുതെ ഇരിക്കാനൊന്നും അസീം തയ്യാറല്ല. ഭാവിയില്‍ പഠിച്ച് പഠിച്ച് വലിയൊരു ആര്‍ക്കിടെക്റ്റ് എന്‍ജിനീയര്‍ ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും അസീം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് അസിന്‍ ട്വന്റിഫോറിനോട് സംസാരിക്കുന്നു (വീഡിയോ)

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top