Advertisement

മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ ഗ്രാമത്തിലേക്ക് തിരിച്ചെത്തി!

November 2, 2018
Google News 0 minutes Read

മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ പതിനഞ്ച് ദിവസത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചാണ് ഇയാള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. വയനാട് പുല്‍പ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

പുല്‍പ്പള്ളി തേക്കനാംകുന്നേല്‍ മത്തായിയുടെയും ഫിലോമിനയുടെയും മകനാണു സജി. നാല്‍പ്പത്തിയേഴു വയസുകാരമായ സജി അവിവാഹിതനാണ്. ജോലി ആവശ്യത്തിനായി മൂന്നു മാസത്തോളം മുമ്പ് വീട്ടില്‍നിന്നു പോയ സജിയെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിച്ചിരുന്നില്ല.

ഇടയ്ക്കിടെ വീട് വിട്ട് പോകുന്ന സ്വഭാവം സജിക്കുണ്ട്. ദിവസങ്ങളോളം ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സജിയുടെ വീട്ടുകാർ ആശങ്കയിലായിരുന്നു.അതിനിടെ കർണാടകയിലെ എച്ച്.ഡി കോട്ട എന്ന സ്ഥലത്ത് അഴുകിയ നിലയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനുകൾ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിയിരുന്നു.

ഈ സമയത്താണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സജിയുടെ സഹോദരൻ ജിനേഷ് പുൽപ്പള്ളി സ്റ്റേഷനിൽ എത്തുന്നത്. ഇവിടെ നിന്നും യാദൃശ്ചികമായി അജ്ഞാത മൃതദേഹത്തെ കുറിച്ച് അറിഞ്ഞ സജിയുടെ ബന്ധുക്കൾ പരിശോധിച്ചതോടെയാണ് കാര്യങ്ങൾ മാറുന്നത്. സജിയുടേതിന് സമാനമായ രീതിയിൽ കാലിന് പരിക്കുൾപ്പെടെ മൃതദേഹത്തിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഒക്ടോബർ പതിനാറിന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ അടക്കവും നടന്നു.

ഇന്ന് രാവിലെയാണ് സജി വീണ്ടും പുൽപ്പള്ളിയിൽ എത്തുന്നത്. താൻ മരിച്ച വിവരവും പള്ളിയിൽ അടക്കിയ വിവരവും അറിഞ്ഞ് സജി ഞെട്ടി. പ്രശ്നം ഇത്ര സങ്കീർണമാകുമെന്ന് കരുതിയില്ലെന്നും കണ്ണൂർ ധർമ്മശാലയിൽ ജോലി ചെയ്യുകയായിരുന്നെന്നും സജി കണ്ണീരോടെ നാട്ടുകാരോട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here