സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഖാര്‍ഗെയും കക്ഷി ചേരും. കേന്ദ്ര വിജിലന്‍സ് കമ്മീഷനോ കേന്ദ്ര സര്‍ക്കാറിനോ സിബിഐ മേധാവിയുടെ കാലാവധി നിശ്ചയിക്കാനാവില്ലെന്നാണ് ഖാര്‍ഗെയുടെ വാദം.

തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെയും നടപടി നിയമവിരുദ്ധമാണെന്നും അലോക് വര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടെ യോഗം ചേര്‍ന്നു മാത്രമേ സിബിഐ ഡയറക്ടറെ നീക്കാന്‍ കഴിയൂ. ഡയറക്ടര്‍ക്ക് രണ്ട് വര്‍ഷം കാലാവധിയുള്ളപ്പോള്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് അലോക് വര്‍മയെ നീക്കിയതാണ് വിവാദത്തിന് കാരണമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top