കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജി. രാമന്‍നായര്‍ക്ക് പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനം

കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ ജി. രാമന്‍ നായര്‍ക്ക് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം നല്‍കി ബിജെപി നേതൃത്വം. കൂടുതല്‍ കെ.പി.സി.സി അംഗങ്ങള്‍ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയിലേക്ക് എത്തിയ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന പ്രമീള ദേവിക്ക് ബിജെപി സംസ്ഥാന സമിതിയില്‍ അംഗത്വവും നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനെതിരെയും രാമന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു. എ.പദ്മകുമാര്‍ വാഴപ്പിണ്ടി നട്ടെല്ലായി വച്ചയാളെന്നായിരുന്നു രാമന്‍ നായരുടെ പരാമര്‍ശം.
ശബരിമല വിഷയവുമായി ബിജെപിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത ജി. രാമന്‍ നായര്‍ക്കെതിരെ കോണ്‍ഗ്രസ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ട് കണ്ടായിരുന്നു ജി. രാമന്‍ നായര്‍ ബിജെപിയിലേക്ക് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here