ഇന്ത്യ സഖ്യത്തിൻ്റെ ഉപരാഷ്‌ട്രപതി സ്ഥാനാർഥിയായി ജസ്‌റ്റിസ് ബി സുദർശൻ റെഡ്ഡി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെയാകും പത്രിക നല്‍കുക. പത്രിക സമർപ്പണ ചടങ്ങിൽ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളായ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ്, ശരത് പവാർ തുടങ്ങിയവർ പങ്കെടുക്കും.
1946 ജൂലൈ 8 ന് ആന്ധ്രാപ്രദേശിലാണ് സുദർശൻ റെഡ്ഡിയുടെ ജനനം. 1971ൽ ഹൈദരാബാദിലെ ആന്ധ്രാപ്രദേശ് ബാർ കൗൺസിലിൽ അഭിഭാഷകനായി ചേർന്നു. 1988 മുതൽ 1990 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായും 1990 ൽ ആറു മാസം കേന്ദ്ര സർക്കാരിന്‍റെ അധിക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. 1995 മെയ് രണ്ടിന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പിന്നീട് 2005 ഡിസംബർ അഞ്ചിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2007 മുതൽ 2011 ജൂലൈ എട്ടുവരെ സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
നീതിന്യായ രംഗത്തെ പ്രമുഖനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയത് പ്രതിപക്ഷത്തിന്റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത നിലനിർത്തുന്നതിലും അദ്ദേഹത്തിനുള്ള പരിചയം നിർണായകമാവുമെന്നാണ് ഇന്ത്യാ സഖ്യം പ്രതീക്ഷിക്കുന്നത്.
ഇന്നലെ എൻ.ഡി.എ. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കൂടുതൽ വാശിയേറിയതാവുകയാണ്.
Read Also: രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ട് അധികാർ യാത്ര’ ബിഹാറിൽ പുനരാരംഭിച്ചു
മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ആരോഗ്യപരമായ കാരണങ്ങളാൽ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 68(2) അനുസരിച്ച് ഉപരാഷ്ട്രപതിയുടെ ഓഫീസ് ഒഴിവ് വന്നാൽ എത്രയും വേഗം പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിക്ക് സ്ഥാനമേറ്റെടുക്കുന്ന തീയതി മുതൽ അഞ്ച് വർഷത്തേക്ക് പദവിയിൽ തുടരാൻ അർഹതയുണ്ടായിരിക്കും.
സാധാരണയായി ഉപരാഷ്ട്രപതിയുടെ കാലാവധി അഞ്ച് വർഷം പൂർത്തിയാകുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ രാജി, മരണം, അല്ലെങ്കിൽ നീക്കം ചെയ്യൽ തുടങ്ങിയ സാഹചര്യങ്ങളിലും തിരഞ്ഞെടുപ്പ് ആവശ്യമായി വരും. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ 9-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
Story Highlights : Justice B Sudarshan Reddy to file nomination as India Alliance’s Vice Presidential candidate today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here