ഉയരുന്ന പ്രതിമകളും തകരുന്ന സ്മാരകങ്ങളും

കെ.ശ്രീജിത്ത്‌

 ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രതിമ കെട്ടിപ്പൊക്കി ദേശീയതയുടെ ചിഹ്നമായി അവതരിപ്പിക്കുന്ന അതേ ശക്തികള്‍ ഇങ്ങ് തെക്കേ അറ്റത്ത് നിസാര്‍ അഹമ്മദ് എന്ന മുസ്ലിം നാമധാരിയുടെ സ്മാരകം തകര്‍ക്കുന്നതിലൂടെ വ്യക്തമാക്കുന്നത് ഏത് രാഷ്ട്രീയമാണെന്ന് ആരെയെങ്കിലും പ്രത്യേകമായി ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഒരു പ്രതിമ ദേശീയതയുടെ പ്രതീകമാകുമ്പോള്‍ മറ്റൊരു സ്മാരകം ദേശവിരുദ്ധമാകുന്നത് ഇങ്ങിനെയൊക്കെയാണ്. ദേശീയതയുടെയും ദേശവിരുദ്ധതയുടേയും, രാജ്യസ്‌നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും അളവുകോലുകള്‍ വ്യക്തമാക്കാന്‍ ഫാസിസത്തിന് രണ്ട് വ്യത്യസ്ത ‘നാമധാരികളെ’ കയ്യില്‍ കിട്ടിയാല്‍ മാത്രം മതി. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സത്ത അതുമാത്രമാണ് അല്ലെങ്കില്‍ അത്രയേയുള്ളൂ. അത് അത്രമാത്രം ലളിതമാണ്.

കേരളത്തില്‍ സംഘപരിവാര്‍ ഉദ്ദേശിക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ എന്തൊക്കെയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? നമ്മുക്കൊന്നും ചിന്തിക്കാന്‍ പോലും സാധിക്കാത്ത, സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാത്ത അതിഭീകരമായ ആസൂത്രണങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് ഇനിയെങ്കിലും മലയാളികള്‍ മനസിലാക്കിയിരുന്നെങ്കില്‍.

കേരളത്തില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സംഘപരിവാര്‍ ഒരുക്കാന്‍ പോകുന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ ഒന്നാന്തരം ഉദാഹരണമാണ് ജനതാദള്‍ നേതാവായിരുന്ന ടി.നിസാര്‍ അഹമ്മദിന്റെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മാരകം കഴിഞ്ഞ ദിവസം അടിച്ചുപൊളിച്ചത്. മന്ത്രി മാത്യു.ടി.തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നതിന്റെ തലേന്ന് വൈകീട്ടാണ് ഈ അക്രമം അരങ്ങേറിയത്. മുസ്ലിം ആചാരപ്രകാരം കബറടക്കപ്പെട്ട നിസാര്‍ അഹമ്മദിന്റെ സ്മാരകം പയ്യാമ്പലത്ത് നിര്‍മിക്കാന്‍ അനുവദിക്കരുതെന്ന് ഹിന്ദു ഐക്യവേദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതായത് പയ്യാമ്പലത്ത് അഹിന്ദുക്കളുടെ സ്മാരകം അനുവദിക്കില്ലെന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള തീവ്ര ഹിന്ദുസംഘടനകളുടെ നിലപാട് എന്നിരിക്കെ നിസാര്‍ അഹമ്മദിന്റെ സ്മാരകം അടിച്ചുപൊളിച്ചത് ആരാണെന്ന് അന്വേഷിച്ച് അധികമൊന്നും ബുദ്ധിമുട്ടേണ്ടതില്ല.

ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ആയിരക്കണക്കിന് കോടി രൂപയുടെ പ്രതിമ കെട്ടിപ്പൊക്കി ദേശീയതയുടെ ചിഹ്നമായി അവതരിപ്പിക്കുന്ന അതേ ശക്തികള്‍ ഇങ്ങ് തെക്കേ അറ്റത്ത് നിസാര്‍ അഹമ്മദ് എന്ന മുസ്ലിം നാമധാരിയുടെ സ്മാരകം തകര്‍ക്കുന്നതിലൂടെ വ്യക്തമാക്കുന്നത് ഏത് രാഷ്ട്രീയമാണെന്ന് ആരെയെങ്കിലും പ്രത്യേകമായി ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഒരു പ്രതിമ ദേശീയതയുടെ പ്രതീകമാകുമ്പോള്‍ മറ്റൊരു സ്മാരകം ദേശവിരുദ്ധമാകുന്നത് ഇങ്ങിനെയൊക്കെയാണ്. ദേശീയതയുടെയും ദേശവിരുദ്ധതയുടേയും, രാജ്യസ്‌നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും അളവുകോലുകള്‍ വ്യക്തമാക്കാന്‍ ഫാസിസത്തിന് രണ്ട് വ്യത്യസ്ത ‘നാമധാരികളെ’ കയ്യില്‍ കിട്ടിയാല്‍ മാത്രം മതി. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ സത്ത അതുമാത്രമാണ് അല്ലെങ്കില്‍ അത്രയേയുള്ളൂ. അത് അത്രമാത്രം ലളിതമാണ്.

എന്നാല്‍ നിസാര്‍ അഹമ്മദിന്റെ സ്മാരകം തകര്‍ത്ത വാര്‍ത്ത, അതിനുപിന്നിലെ ഗൂഢ അജണ്ട കേരളത്തിലെ എത്ര പേര്‍ക്ക് അറിയാം എന്ന് അന്വേഷിക്കുമ്പോഴാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിലപാടുതറ എത്ര ദയനീയമാണെന്ന് നാം തിരിച്ചറിയുന്നത്. പമ്പയില്‍ മരിച്ച ശിവദാസനെ കൊന്നത് പൊലീസാണെന്ന വ്യാജ വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങി, അതേപടി അച്ചടിച്ച ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും നിസാര്‍ അഹമ്മദിന്റെ സ്മാരകം തകര്‍ത്ത വാര്‍ത്ത മുക്കിക്കളഞ്ഞു.

ഇനി അഥവാ കൊടുത്തവര്‍ തന്നെ പൊതുജനം കാണാത്ത വിധം പന്ത്രണ്ടോ പതിന്നാലോ പേജുകള്‍ വരുന്ന പത്രത്തിന്റെ ഒരു മൂലയില്‍, തീരെ കാണാത്തവിധം കൊടുത്തെന്നുവരുത്തി. വാര്‍ത്താ ചാനലുകളാകട്ടെ മിക്കവയും ഇക്കാര്യം അറിഞ്ഞതായിട്ടുതന്നെ ഭാവിച്ചിട്ടില്ല.

ഒരുവശത്ത് ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപി ഉള്‍പ്പടെയുള്ള തീവ്രഹിന്ദു സംഘടനകള്‍ മറുവശത്ത് ചെയ്തുകൊണ്ടിരിക്കുന്നത് നിസാര്‍ അഹമ്മദിനെപ്പോലെയുള്ള മതനിരപേക്ഷ നേതാക്കളുടെ സ്മാരകങ്ങള്‍ തല്ലിത്തകര്‍ത്ത് ഇ.കെ.നായനാര്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തെ ഒരു ‘ഹിന്ദു’ പ്രദേശമാക്കി ചാപ്പകുത്തുകയാണ്. ഇവര്‍ക്ക് ആരാണ് ഇതിനൊക്കെയുള്ള അനുമതി നല്‍കിയത് എന്ന് ചോദിക്കുമ്പോഴാണ് കേരളത്തിലെ മാധ്യമ-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ നിശബ്ദത ഒരു ഉത്തരമാകുന്നത്. ഈ നിശബ്ദതയാണ് സംഘപരിവാര്‍ ബുദ്ധിപൂര്‍വം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും ഭയം ഉത്പാദിപ്പിച്ച് സമൂഹത്തെ നിശബ്ദമാക്കുക എന്ന എക്കാലത്തെയും ഫാസിസ്റ്റ് തന്ത്രം അതിവേഗം അവര്‍ കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മനസിലാവുക. ഇങ്ങിനെപ്പോവുകയാണെങ്കില്‍ കേരളത്തില്‍ സംഘപരിവാറിനെതിരെ ഏതെങ്കിലും തരത്തിലുള്ള ചെറുത്തുനില്‌പോ പ്രതിരോധമോ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് വര്‍ഗീയധ്രുവീകരണം നടത്തുക എന്ന അമിത് ഷായുടെ കുപ്രസിദ്ധമായ ‘സോഷ്യല്‍ എഞ്ചിനീയറിങ്’ തിയറി കേരളത്തിലും നടപ്പിലാക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല എന്നത് സംഘപരിവാര്‍ സംഘടനകളെ ആഹ്ലാദിപ്പിക്കുന്നുണ്ടാകണം. ആ വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ചെറുമീനുകളാണ് നിസാര്‍ അഹമ്മദിനെപ്പോലുള്ളവര്‍. ഇത്തരം സാംപിള്‍ വെടിക്കെട്ടുകള്‍ വരാനിരിക്കുന്ന ‘ഒറിജിനല്‍’ വെടിക്കെട്ടുകള്‍ക്ക് വലിയ ഊര്‍ജം പകരുമെന്ന് അവര്‍ കണക്കുക്കൂട്ടുന്നുണ്ട്. ഒരു സ്മാരകം തകര്‍ക്കുമ്പോള്‍ ‘ഓ അതൊരു ചെറിയ കാര്യമല്ലെ’ എന്ന നിസംഗത സംഘപരിവാറുകാരുടെ ഉള്ളിലുണ്ടാക്കുന്ന ആഹ്ലാദം മലയാളികള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ?

കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ത്തി കൃത്യമായ വോട്ട് ബാങ്ക് സൃഷ്ടിക്കുക എന്ന തന്ത്രം നടപ്പിലാക്കാനുള്ള ആത്മവിശ്വാസം സമീപകാലം വരെ സംഘപരിവാറുകാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇപ്പോള്‍ അതിനൊരു നിലമൊരുങ്ങുന്നുണ്ടെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. ഇനി യഥേഷ്ടം ഇത്തരം സാംപിള്‍ വെടിക്കെട്ടുകള്‍ക്ക് അവര്‍ അണിയറയില്‍ തയ്യാറെടുക്കുകയാണ്.

പയ്യാമ്പലം ഒരു ഹിന്ദുഭൂമിയാണെന്ന് മുദ്ര കുത്താന്‍ എത്ര എളുപ്പമാണ് ഈ കേരളത്തില്‍ കഴിഞ്ഞിരിക്കുന്നതെന്ന് നാം അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ വാസ്തവത്തില്‍ ആ അത്ഭുതത്തിന് യാതൊരു പ്രസക്തിയുമില്ല എന്നതാണ് സത്യം. എത്രയോ കാലമായി ഇതിന്റെ സൂചനകള്‍ നമ്മുടെ മുന്നിലുണ്ടായിരുന്നു. നാം ഒന്നും കണ്ടില്ലെന്ന് നടിച്ചു. പലപ്പോഴും ചില ‘സംഭവങ്ങള്‍’ നിസാരം എന്ന് അവഗണിച്ചു. മറ്റ് ചിലപ്പോള്‍ അതൊക്കെ ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ ആയി. ചിലത് വെറും ‘പ്രാദേശികം’ മാത്രമായി. ഫാസിസം അതിന്റെ ചിറക് വിരിക്കുന്നത് ഇത്തരം ചെറിയ ഭൂമികകളിലൂടെയാണെന്ന് നാം മനസിലാക്കിയില്ല. ഇനി എത്രയെത്ര ‘ഹിന്ദുഭൂമികള്‍’ ആണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന് കണ്ടറിയുക തന്നെ വേണം. ഇങ്ങിനെപ്പോവുകയാണെങ്കില്‍ പല ‘ഹിന്ദു ഭൂമികള്‍’ കഷ്ണങ്ങളായി ഒത്തുചേരുന്ന ഭൂമിഭാഗമായി കേരളം മാറാന്‍ അധികകാലമൊന്നും എടുക്കില്ല. വിചാരിച്ചതിലും വേഗത്തില്‍ ലക്ഷ്യപൂര്‍ത്തീകരണത്തിന് സാധിക്കുമെന്നുതന്നെയാകണം സംഘപരിവാറുകാരും ഇപ്പോള്‍ കണക്കുകൂട്ടുന്നത്.

‘ഭയപ്പെടുത്തുക’ എന്നത് ഒരു രാഷ്ട്രീയതന്ത്രമായിരിക്കെത്തന്നെ നിശബ്ദതയ്ക്കും രാഷ്ട്രീയമുണ്ടെന്നത് കാണാതെ പോകരുത്. ഉറക്കെ പ്രതികരിക്കേണ്ടിടത്ത് അതിന് തയ്യാറാകാതെ അവനവന്റെ ‘വാല്മീക’ത്തിലൊളിക്കുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. സ്വാര്‍ത്ഥതയും ഇരട്ടത്താപ്പും കാപട്യങ്ങളും കടുത്ത അരാഷ്ട്രീയതയുമാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്ര.

അവനവനെ ബാധിക്കാത്തിടത്തോളം ഏത് ദുരന്തത്തെയും ‘നിഷ്‌ക്രിയ’മായി മാത്രമെ മലയാളി കാണാറുള്ളൂ. അതുകൊണ്ടുതന്നെ ഫാസിസം അതിന്റെ എല്ലാ ഭീകരതയോടും കൂടി സ്വന്തം അടുക്കളപ്പുറത്ത് എത്തിയത് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. ആ ‘തിരിച്ചറിവ്’ ഉണ്ടാകുമ്പോഴേക്കും നാം കഴുത്തറ്റം മുങ്ങിപ്പോകാനാണ് എല്ലാ സാധ്യതയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top