ശബരിമല ഡ്യൂട്ടിയ്ക്ക് വനിതാപോലീസ് എത്തി

ചിത്തിര ആട്ട പൂജയ്ക്ക് ശബരിമല നട തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായാല്‍ സ്ത്രീ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ വനിതാ പോലീസ് എത്തി. സിഐ. എസ്ഐ റാങ്കിലുള്ള മുപ്പത് വനിതാ പോലീസുകാരാണ് പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയത്. അതേസമയം സന്ദര്‍ശനത്തിനായി ഇതുവരെ ഒരു സ്ത്രീ പോലും ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടില്ലെന്ന് പത്തനംതിട്ട കളക്ടര്‍ വ്യക്തമാക്കി. നാളെ ഉച്ചമുതലാണ് നിലയ്ക്കലില്‍ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടൂ. രണ്ടായിരത്തോളം പോലീസുകാരെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. രണ്ട് ഐജി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്.
സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി.അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും. പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പി മാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്റോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക അക്രമം അഴിച്ചുവിട്ടവരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇതുവരെ സംഘർഷത്തിൽ 3731 പേർ അറസ്റ്റിലായി. 545 കേസുകളിലായാണ് 3731 പേർ അറസ്റ്റിലായിരിക്കുന്നത്. ഭക്തരെയും പൊലീസിനെയും മാധ്യമ പ്രവർത്തകരെയും ആക്രമിച്ചവരെ തിരിച്ചറിയുന്നതിന് വേണ്ടി ആക്രമണങ്ങളുടെ വിശദമായ ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ആൽബം അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. ശബരിമലയിൽ സ്ഥാപിച്ച ക്യാമറകളിൽനിന്നുള്ള 3600 ദൃശ്യങ്ങളിൽനിന്നാണ് ആൽബം തയ്യാറാക്കിയത്. ചാനലുകൾ തത്സമയം പുറത്തുവിട്ട ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here