‘ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടണം,അപ്പുറത്ത് നോക്കി ആശിക്കാൻ ഇല്ല’; ബിജെപി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി അഡ്വ. ഉല്ലാസ് ബാബു

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അഡ്വ. ഉല്ലാസ് ബാബു. ബിജെപി സംസ്ഥാന വക്താക്കളുടെ പട്ടികയിൽ ഉല്ലാസ് ബാബുവിനെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണിത്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്ന് ഉല്ലാസ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇല്ലായ്മയ്ക്കിടയിൽ ഇവിടെ ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടുക അപ്പുറത്തേക്ക് എത്തിനോക്കി ഒന്നും ആശിക്കാൻ ഇല്ലെന്ന് തന്റെ അമ്മ പറയാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. അമ്മമാർ വലിയൊരു പാഠപുസ്തകമാണ്. ..എന്നും എപ്പോളും എന്ന തലക്കെട്ടോടെയാണ് ഉല്ലാസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.
അതേസമയം, വി മുരളീധര പക്ഷത്തെ വെട്ടി നിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലാപം ഉടലെടുത്തിരിക്കയാണ്. അവഗണിച്ചതിലെ അതൃപ്തി പരസ്യമാക്കി വി മുരളീധരപക്ഷ നേതാവ് സി ശിവൻകുട്ടി രംഗത്തെത്തി. വ്യക്തിപരമായ വിഷമങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കിയ സി ശിവൻകുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു.
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് വിട്ടു നിന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതിഷേധം. തൃശൂർ ജില്ല പ്രസിഡൻ്റായിരുന്ന കെ കെ അനീഷ് കുമാറിനെ ജനറൽ സെക്രട്ടറിയാക്കാണെമെന്ന സുരേഷ് ഗോപിയുടെ ആവശ്യം നടപ്പിലായിരുന്നില്ല. അടുപ്പക്കാരായ പി ആർ ശിവശങ്കരൻ, ഉല്ലാസ് ബാബു, യുവരാജ് ഗോകുൽ എന്നിവരെയും പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അസംതൃപ്തതിയുണ്ട്. എന്നാൽ അമിത് ഷായുടെ അനുമതി വാങ്ങിയാണ് പരിപാടിയിൽ നിന്ന് വിട്ടു നിന്നതെന്നാണ് സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം. പ്രവർത്തന മികവാണ് മാനദണ്ഡമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശും എസ് സുരേഷും പ്രതികരിച്ചു.
പാർട്ടിയിൽ തുടർന്നു വരുന്ന സാമുദായിക സന്തുലിതാവസ്ഥ അപ്പാടെ അട്ടിമറിച്ചെന്ന് മുരളീധരപക്ഷം കടുപ്പിക്കുന്നു. അതിനിടെ കേരളത്തിൽ ബിജെപിയെ വളർത്തിയ കെ സുരേന്ദ്രന് കയ്യടിക്കാൻ അമിത് ഷാ പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ ആഹ്വാനം ചെയ്തത് അവർ പിടിവള്ളിയാക്കുകയും ചെയ്യുന്നു.
ഭിന്നത തുടരുന്ന പശ്ചാത്തലത്തിൽ ദേശീയ നേതൃത്വത്തെ സമീപിക്കാനാണ് ഇരു വിഭാഗങ്ങളുടെയും തീരുമാനം.
Story Highlights : Adv. Ullas Babu expresses dissatisfaction with BJP reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here