അരമണിക്കൂര്‍ റോഡില്‍ കിടന്ന ശേഷമാണ് സനല്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ സനലിനെ രക്ഷിക്കാനുള്ള അവസാന ശ്രമവും നഷ്ടപ്പെടുത്തിയത് പോലീസ് ആണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
രണ്ട് ഗുരുതര വീഴ്ചകളാണ് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തേത് അപകടം സംഭവിച്ച് കഴിഞ്ഞ് അരമണിക്കൂറോളം പരിക്കേറ്റ സനല്‍ റോഡില്‍ തന്നെ കിടന്നു. കൂടാതെ ആംബുലന്‍സ് എത്തി സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് ആബുംലന്‍സ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണ് മറ്റൊരു വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്. ആംബുലന്‍സിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി മാറുന്നതിന് വേണ്ടിയാണ് നേരെ ആശുപത്രിയിലേക്ക് പോകാതെ പോലീസ് സ്റ്റേഷനിലേക്ക് പോയി മറ്റൊരു പോലീസുകാരനെ വണ്ടിയില്‍ കയറ്റിയത്. ഇതിന് വേണ്ടി പത്ത് മിനിറ്റ് നഷ്ടപ്പെടുത്തിയതായും പറയുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണ് സനലിനെ രക്ഷിക്കാമായിരുന്ന വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.
മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പോലീസ് കാട്ടിയില്ലെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങള്‍. അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23നാണ്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പോലീസിനോടും കൂടെയുള്ള സുഹൃത്തിനോടും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പോലീസ് ആംബുലന്‍സിലുള്ള സനലുമായി നേരേ പോയത് ആശുപത്രിയിലേക്കായിരുന്നില്ല. മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ടി.ബി. ജംഗ്ഷന്‍ വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പോലീസ് സ്റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്ക്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്‌കൂളിന്റെയും എസ് .ഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പോലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.
10.27 കഴിഞ്ഞാണ് ആംബുലന്‍സ് പോലീസ് സ്റ്റേഷന്‍ റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. മെഡിക്കല്‍ കോളജിലേക്ക് പോകാതെ സനലിന്റെ ജീവനുമായി അരകിലോ മീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷന്‍ റോഡിലേക്ക് ആംബുലന്‍സ് പോയത് പോലീസുകാരന്റെ ഡ്യൂട്ടി മാറി പുതിയ ആളെ ചുമതലയേല്‍പ്പിക്കാനായിരുന്നു.
വാഹനമിടിച്ച് അരമണിക്കൂര്‍ നേരമാണ് സനല്‍ റോഡില്‍ കിടന്നത്. ഇക്കാര്യം സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്.ഐക്കൊപ്പം സംഭവസ്ഥലത്ത് എത്തിയത് ഒരു പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഐ.ജി മനോജ് എബ്രഹാം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here