ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഡി.വൈ.എസ്.പിയെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും, കേസ് അട്ടിമറിക്കാനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഒരു കുറ്റകൃത്യത്തിലെ പ്രതിയെക്കുറിച്ച് ധാരണയില്ലാതിരിക്കുകയും, അത് മൂലം കേസ് തെളിയിക്കാന്‍ സാധിക്കാതെ നീണ്ടു പോകുകയും ചെയ്യുമ്പോഴാണ് സാധാരണ അന്വേഷണം മറ്റു ഏജന്‍സികള്‍ക്ക് കൈമാറുന്നത്. എന്നാല്‍, ഇവിടെ പ്രതി ഡി.വൈ.എസ്.പിയാണ് എന്നത് വ്യക്തമാണ്. എന്നിട്ടും നാല് ദിവസമായിട്ടും അയാളെ അറസ്റ്റ് ചെയ്യുന്നില്ല. പകരം സംരക്ഷിക്കാനാണ് പൊലീസ് ശ്രമം. അതിന് സഹായകമായി കേസ് വൈകിക്കുന്നതിനും അതു വഴി അട്ടിമറിക്കുന്നതിനുമാണ് ഈ ഘട്ടത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊലക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പിയെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ അത് ഒരിക്കലും അനുവദിക്കില്ല. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്ന് നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത് ഗുരുതരമായ വീഴ്ചയാണ്. ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here