‘തന്ത്രി വിളിച്ചിട്ടില്ല’; വാക്കുമാറ്റി ശ്രീധരന്‍പിള്ള

നിയമോപദേശം തേടി തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ആരാണ് തന്നെ വിളിച്ചതെന്ന് ഓര്‍മ്മയില്ല. തന്നെ വിളിച്ചിട്ടില്ല എന്ന് തന്ത്രി കണ്ഠരര് രാജീവര് പറയുന്നുണ്ടെങ്കില്‍ അദ്ദേഹം പറയുന്നതാകും ശരി. താന്‍ കണ്ഠരര് രാജീവിന്റെ പേര് പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തില്‍ നിന്ന് ആരോ വിളിച്ചിരുന്നു എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍, അതാരാണെന്ന് ഓര്‍മ്മയില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
തുലാമാസ പൂജ സമയത്ത് ശബരിമലയിലേക്ക് യുവതികളെത്തിയാല്‍ നട അടയ്ക്കുമെന്ന നിലപാട് കണ്ഠരര് രാജീവര് സ്വീകരിച്ചത് താനുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷമാണെന്നായിരുന്നു കോഴിക്കോട് നടന്ന യുവമോര്‍ച്ചാ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞത്. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്ത് എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര് വിളിച്ചിരുന്നുവെന്നും തന്‍റെ ഉറപ്പിന്മേലാണ് സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് തന്ത്രി തീരുമാനിച്ചതെന്നും ശ്രീധരൻ പിളള പറഞ്ഞിരുന്നു.
ഇതേ സമ്മേളനത്തില്‍ തന്നെ ശബരിമലയിലെ പ്രതിഷേധം ബിജെപി മുന്നോട്ടുവച്ച അജണ്ടയുടെ ഭാഗമാണെന്നും ബിജെപിയുടെ പദ്ധതികളാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള യുവമോര്‍ച്ച സമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസംഗം പിന്നീട് വലിയ വിവാദമാകുകയായിരുന്നു. ഇതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും ശ്രീധരന്‍ പിള്ളക്കെതിരെ പരാതികള്‍ ലഭിച്ചിരുന്നു.
അതേസമയം, തന്ത്രി തന്നെ വിളിച്ചിരുന്നു എന്ന ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തിന് പിന്നാലെ ഇത് തള്ളി തന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. ശ്രീധരന്‍പിള്ളയെ താന്‍ വിളിച്ചിട്ടില്ലെന്നായിരുന്നു തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here