വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർഗോഡ് സ്കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് സമർപ്പിക്കണം. വിഷയം
അടിയന്തര സ്വഭാവത്തിൽ അന്വേഷിക്കണമെന്നാണ് കമ്മീഷൻ നിർദേശം.
കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠം സ്കൂളിലും ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിലും വിദ്യാർഥികളെകൊണ്ട് പാദപൂജ ചെയ്യിപ്പിച്ചിരുന്നു.
സംഭവം ജുവൈനൽ ജസ്റ്റിസ് ആക്ടിന്റെ നഗ്മമായ ലംഘനമാണെന്ന് ബാലവകാശ കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേക്ഷണം നടത്തി.
കുട്ടികളെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും വഴിതിരിച്ചു വിടുന്ന പ്രവർത്തിയാണിത്. കർശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് ആത്മാഭിമാനം ഉണ്ട്, എന്നിട്ടാണ് അധ്യാപകരുടെ കാൽ ചുവട്ടിൽ ഇരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ പാലിക്കപ്പെടണം. മത നിലപാട് വിദ്യാലയങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതാത് വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർക്കെതിരെ കേസെടുക്കുമെന്നും കമ്മീഷൻ അംഗം അഡ്വ. ബി മോഹൻ കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഘപരിവാർ വത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദ്യാലയങ്ങളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേർന്നതല്ല ഇത്.
ആലപ്പുഴ നൂറനാട് വിവേകാനന്ദ വിദ്യാപീഠത്തിൽ ബിജെപി നേതാവിനാണ് വിദ്യാർഥികൾ പാദപൂജ ചെയ്തത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. അനൂപിനാണ് പാദ പൂജ നടത്തിയത്. മാനേജ്മെന്റ് പ്രതിനിധിയെന്ന പേരിലായിരുന്നു ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ചത്.
Story Highlights : Incident of students being made to perform foot worship; Child Rights Commission registers case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here