ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു

ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകള്‍ ഈ മാസം അവസാനം വരെ സ്വീകരിക്കും.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്ളത്. 40 – 45 ദിവസത്തെ നിലവിലുള്ള ഹജ്ജ് പാക്കേജിന് പുറമെയാണ് 20 ദിവസത്തെ പാക്കേജ് കൂടി ഉള്‍പ്പെടുത്തിയത്. 10,000 സീറ്റ് ആണ് അടുത്ത ഹജ്ജ് മുതല്‍ ആരംഭിക്കുന്ന പുതിയ പാക്കേജിനായി നീക്കി വെച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുമെന്നാണ് സൂചന. കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ 7 വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാണ് പുതിയ പാക്കേജിലെ സര്‍വീസ് ഉണ്ടാകുക. മറ്റു പാക്കേജുകളുടെ അതേ നിരക്ക് തന്നെയാണ് 20 ദിവസത്തെ പാക്കേജിനും ഈടാക്കുക. എന്നാല്‍ പുതിയ പാക്കേജില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
താമസിയാതെ ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതോടെ ഇന്ത്യയുടെ അടുത്ത വര്‍ഷത്തെ ഹജ്ജ് ക്വാട്ട എത്രയെന്നു വ്യക്തമാകും. 1,75,000 ആണ് നിലവിലുള്ള ക്വാട്ട. ക്വാട്ടയുടെ 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി നീക്കി വെക്കുമെന്ന് പുതിയ ഹജ്ജ് നയത്തിലും പറയുന്നുണ്ട്. അടുത്ത ഹജ്ജിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ അവസാനം വരെ അപേക്ഷകള്‍ സ്വീകരിക്കും.
Story Highlights : Ten thousand seats set aside for short-term Hajj packages from India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here