അദീബിന്റെ രാജി സ്വീകരിച്ചു

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജിക്കത്ത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ സ്വീകരിച്ചു. കോര്‍പ്പറേഷന്‍ എം.ഡിയ്ക്ക് ഇ-മെയില്‍ മുഖേന കഴിഞ്ഞ ദിവസം അദീബ് രാജിക്കത്ത് നല്‍കിയിരുന്നു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് രാജിക്കത്ത് സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്നെ എസ്.ഐ.ബിയിലേക്ക് തിരിച്ചയക്കണമെന്ന് അദീബ് ആവശ്യപ്പെട്ടു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്.
കെ.ടി അദീബിനെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് ബന്ധുനിയമനം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ആരോപണം ഉണ്ടയില്ലാവെടിയെന്നായിരുന്നു ജലീലിന്റെ മറുപടി. എസ്.ഐ.ബിയിലെ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here