സർക്കാർ വകുപ്പുകളിലെ അഴിമതി മറയ്ക്കാൻ വകുപ്പു തലവന്മാർ തമ്മിൽ സംസ്ഥാനത്ത് ധാരണ

സർക്കാർ വകുപ്പുകളിലെ അഴിമതി മറയ്ക്കാൻ വകുപ്പു തലവന്മാർ തമ്മിൽ സംസ്ഥാനത്ത് ധാരണ. ആഭ്യന്തര അഴിമതി പരിശോധന സംവിധാനം നിയന്ത്രിയ്ക്കുന്ന ധനവകുപ്പിന് അഭ്യന്തര പരിശോധന റിപ്പോർട്ടുകൾ നൽകെണ്ടെന്ന്  തീരുമാനം. പൊതുമരാമത്ത്, ജി.എസ്.ടി, ഗ്രാമവികസനം, പി.ആർ.ഡി, സഹകരണം, ട്രഷറി, സാംസ്ക്കാരികം തുടങ്ങി 28 വകുപ്പുകൾ പൂർണ്ണമായും റിപ്പോർട്ട് നിഷേധിച്ചതായ് ധനകാര്യ വകുപ്പ്. 24 എക്സ്ക്യൂസീവ്.

-ആർ.രാധാക്യഷ്ണൻ, ഡൽഹി

സർക്കാർ തലത്തിലെ അഴിമതി സംസ്ഥാനത്ത് വലിയ അളവിൽ കുറഞ്ഞെന്ന് കരുതുന്നവർ അറിയുക. സംസ്ഥാനത്ത് അഴിമതി കുറഞ്ഞത് കൊണ്ടല്ല ഇത് സംബന്ധിച്ച വിവരം വിവിധ വകുപ്പുകൾ ബന്ധപ്പെട്ട വിഭാഗത്തെ അറിയിക്കാൻ തയ്യാറാകാത്തതാണ് കൊണ്ടാണ് ക്രമക്കെടുകൾ പുറത്ത് വരാത്തത്. ധനകാര്യ വകുപ്പിന്റെ ആഭ്യന്തര പരിശോധന വിഭാഗത്തിനാണ് സർക്കാർ വകുപ്പുകളുടെ ആഭ്യന്തര അഴിമതി പരിശോധന ചുമതല. എന്നാൽ ഒട്ടുമിക്ക വകുപ്പുകളും ആഭ്യന്തര പരിശോധന റിപ്പോർട്ടുകൾ ഇവരിൽ നിന്ന് മറച്ച് വയ്ക്കുകയാണ്. പ്രധാനപ്പെട്ട വകുപ്പുകളുടെ മേധാവികൾ തമ്മിൽ ഉണ്ടാക്കിയ അനൗദ്യോഗിക ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ ചട്ടലംഘനം.

ഇരുപത്തി എട്ട് സർക്കാർ വകുപ്പുകൾ ആഭ്യന്തര പരിശോധന റിപ്പോർട്ടുകൾ പൂർണ്ണമായും മറച്ച് വച്ചതായ് ധനകാര്യ വകുപ്പ് ട്വന്റിഫോർ ന്യൂസിനെ രേഖാമൂലം അറിയിച്ചു. പൊതുമരാമത്ത്, ജി.എസ്.ടി., ട്രഷറി, ഗ്രാമവികസനം, പി.ആർ.ഡി, സഹകരണം, സാംസ്കാരികം, പരിസ്ഥിതി, സ്പോർട്സ്, കിർത്താഡ്സ്; മൈനിംഗ് ജിയോളജി, പ്രോസിക്കൂഷൻ ഡയറക്ടറേറ്റ് തുടങ്ങിയ സുപ്രധാന വകുപ്പുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാനപ്പെട്ട മറ്റ് നിരവധി വകുപ്പുകൾ നടന്ന ക്രമക്കെടുകൾ മറച്ച് വച്ച് ഭാഗികമായ റിപ്പോർട്ടുകളാണ് കൈമാറിയിട്ടുള്ളത്.

എല്ലാ വകുപ്പുകളും ആഭ്യന്തര പരിശോധന നടത്ത റിപ്പോർട്ടുകൾ ന്യൂനതാ പരിഹാര നിർദേശങ്ങൾ സഹിതം ധനകാര്യ വകുപ്പിന് കൈമാറണം എന്നതാണ് സംസ്ഥാന ആഭ്യന്തര അഴിമതി പരിശോധന സംവിധാനത്തിലെ ചട്ടം. എന്നാല്‍ ബഹുഭൂരിഭാഗം വകുപ്പുമേധാവികളും ഇപ്പോൾ ഇതിന് മുതിരുന്നില്ല. അഭ്യന്തര പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച് പത്തു ദിവസത്തിനുള്ളിലാണ് നിര്‍ദ്ദിഷ്ട മാതൃകയില്‍ വ്യവസ്ഥ അനുസരിച്ച് ധനകാര്യ വകുപ്പിന് അവ നല്‍കെണ്ടത്.

വകുപ്പുകളുടെ ആഭ്യന്തര പരിശോധന റിപ്പോർട്ടിൽ പ്രധാനമായും സാമ്പത്തിക ബാധ്യതാ പരാമര്‍ശങ്ങള്‍ ആണ് ഉണ്ടാകാറുള്ളത്. മിക്കവാറും വകുപ്പുകളുടെ മേധാവികളും ഈ പരാമര്‍ശങ്ങള്‍ സ്വന്തം നിലയില്‍ ഒഴിവാക്കി ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കുകയാണ് ഇപ്പോൾ. വിവിധ വകുപ്പുകളില്‍ ആഭ്യന്തര പരിശോധനയില്‍ സാമ്പത്തിക ക്രമക്കേടുകളും മറ്റും കണ്ടെത്തുമ്പോള്‍, അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരും പരിശോധനാ കാലയളിവിലെ തസ്തികയും വ്യക്തമായി രേഖപ്പെടുത്തണം. പരിശോധനാ വിഭാഗം തലവന്മാര്‍ക്കാണ് ഈ ചുമതല. ഇക്കാര്യവും ഇപ്പോൾ പാലിയ്ക്കപ്പെടുന്നില്ല. പരിശോധനാ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഈ കാലയളവില്‍ വിരമിക്കുകയാണെങ്കില്‍ അവര്‍ക്ക് ബാധ്യതാരഹിത റിപ്പോര്‍ട്ട് നല്‍കരുത് എന്നതാണ് വ്യവസ്ഥ. പകരം പരിശോധനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന തുക ബാധ്യതയായി രേഖപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണം. എന്നാൽ ഇതും ഇപ്പോൾ ഉണ്ടാകുന്നില്ല. സംസ്ഥാന ഖജനവിൽ നിന്നും കോടികളാണ് ഇതുവഴി ഒഴുകിപ്പോകുന്നത്.

വകുപ്പുകളില്‍ നടക്കുന്ന അഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടുകളും ന്യൂനതാ പരിഹാര റിപ്പോര്‍ട്ടുകളും മലയാളത്തില്‍ വേണമെന്നുള്ള നിബന്ധനയും പ്രധാന വകുപ്പുകൾ ഒന്നും പാലിയ്ക്കുന്നില്ല. പല വകുപ്പുകളും ധനകാര്യ വകുപ്പിന് കൈമാറുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചെടുക്കാന്‍ പോലും കഴിയാത്തവിധം അവ്യക്തമാണെന്നതാണ് യഥാർത്ഥ വസ്തുത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top