Advertisement

ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

November 13, 2018
Google News 1 minute Read
sabarimala case pinarayi

ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന സുപ്രീം കോടതി തീരുമാനത്തെ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളാണ് യോഗത്തില്‍ ചര്‍ച്ചയാകുക. മണ്ഡലമകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ചയാകും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ‘തുറന്ന കോടതിയിൽ വാദം കേൾക്കും’ എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍.

ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ ഹര്‍ജികളും പരിഗണിച്ച് തീരുമാനമെടുത്തത്. മൂന്ന് മണിക്ക് തന്നെ അഞ്ച് ജ‍ഡ്ജിമാരും ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലെത്തി ഇരുപത് മിനിറ്റുകൊണ്ട് ഹര്‍ജികളെല്ലാം പരിഗണിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മുറിയിലേക്ക് മടങ്ങി. ഉടനെ തന്നെ രജിസ്ട്രാര്‍ വിധിയില്‍ ഒപ്പുവെപ്പിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ മുറിയിലെത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്‍റെ ഒപ്പോടെ വിധി സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അരമണിക്കൂര്‍ കൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എൻ.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 50 പുനഃപരിശോധന ഹര്‍ജികളാണ് ബഞ്ച് പരിഗണിച്ചത്. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരാണ് സുപ്രീംകോടതി വിധിയെന്നും ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജികള്‍. പതിനാലാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങൾ കോടതി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ മതങ്ങൾ തന്നെ ഇല്ലാതാകും എന്നും ഹര്‍ജിക്കാര്‍ കോടതിക്ക് മുമ്പാകെ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് പരിഗണിച്ചത്. തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കണമെന്ന ആവശ്യം ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ചേംബറില്‍ പരിഗണിക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ ഇന്ന് തുറന്ന കോടതിയില്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെപ്റ്റംബര്‍ 28 നാണ് അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് ചരിത്രവിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്ന് ഭൂരിപക്ഷ വിധിക്കെതിരായ വിധി പ്രസ്താവം എഴുതിയത്.

ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ബഞ്ചിലെ നാല് ജഡ്ജിമാരും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക്  ജൈവീക, മാനസിക ഘടകങ്ങൾ തടസ്സമല്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്. ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here