ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ കേസ് റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി. ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് ശേഷം സന്നിധാനത്ത് സംഘര്‍ഷമുണ്ടായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കോഴിക്കോട് യുവമോർച്ചാ വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. പിള്ളയുടെ പ്രസംഗത്തെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായെന്നും, ഇതുകൂടാതെ പിള്ളയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്ന രഥയാത്ര ജനങ്ങളുടെ സമാധാനപരമായ അന്തരീക്ഷത്തിന് വിഘാതമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ സർക്കാർ പറയുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ഇന്നലെ അറിയിച്ചിരുന്നു. പി.എസ് ശ്രീധരന്‍പിള്ളയടക്കം സ്വീകരിച്ചത് കോടതിയലക്ഷ്യമല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ വാദം. ശ്രീധരന്‍ പിള്ള, തന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിക്കുകയായിരുന്നു. പി.എസ് ശ്രീധരന്‍ പിള്ള, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷയിലായിരുന്നു തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here