ശബരിമല യുവതീപ്രവേശനം; പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

sabarimala nada to open soon for chithira attavishesham

ശബരിമല യുവതീപ്രവേശ വിധിക്കെതിരായി ഫയല്‍ ചെയ്ത പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും. ജനുവരി 22 നാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി സ്വീകരിക്കുകയായിരുന്നു. എല്ലാ കക്ഷികള്‍ക്കും ഒരിക്കല്‍ കൂടി കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. റിവ്യൂ ഹര്‍ജികള്‍ക്കൊപ്പം തന്നെ നാല് റിട്ട് ഹര്‍ജികളും പരിഗണിക്കും. സെപ്റ്റംബര്‍ 28 ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിധി പുറപ്പെടുവിച്ചത്. ഇതിനെതിരായ 49 പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഇന്ന് പരിഗണിച്ചത്. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന കക്ഷികള്‍ക്ക് തങ്ങളുടെ ഭാഗങ്ങള്‍ വിശദമാക്കാന്‍ ഒരു അവസരം കൂടി നല്‍കുകയാണ് സുപ്രീം കോടതി. ജനുവരി 22 ന് തുറന്ന കോടതിയില്‍ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കും. കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കും. തുറന്ന കോടതിയില്‍ വീണ്ടും കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനത്തിലെത്തുക.

സെപ്റ്റംബര്‍ 28 നാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അന്ന് വിധി പുറപ്പെടുവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാരും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നു. ഒക്ടോബര്‍ രണ്ടിന് വിരമിച്ച അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലുണ്ടായിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top