തൃപ്തിക്കെതിരെ നടക്കുന്നത് പ്രാകൃതമായ പ്രതിഷേധം; സാവകാശ ഹര്‍ജിയെ കുറിച്ച് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കും: കടകംപള്ളി

kadakampally

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നടക്കുന്നത് പ്രാകൃതമായ പ്രതിഷേധമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ന്യായീകരിക്കാനാവാത്ത പ്രതിഷേധമാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തൃപ്തി കേരളത്തിലെത്തിയിരിക്കുന്നത്. തൃപ്തി ദേശായിയോട് തിരിച്ചുപോകണമെന്ന് കോണ്‍ഗ്രസിനും ബിജെപിക്കും പറയാം. ഈ രണ്ട് പാര്‍ട്ടികളുമായി ബന്ധമുള്ള വ്യക്തിയാണ് തൃപ്തി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തൃപ്തിയോട് ആവശ്യപ്പെട്ടാല്‍ അവര്‍ തിരിച്ചുപോകുമായിരിക്കുമെന്നും ദേവസ്വം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

അതേസമയം, വിധി നടപ്പിലാക്കാന്‍ സാവകാശം തേടുമോ എന്ന ചോദ്യത്തിന് അത് ദേവസ്വം ബോര്‍ഡ് അറിയിക്കുമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. ദേവസ്വം ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അതേകുറിച്ച് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ധൃതിയില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള ഏകവഴി. അതിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് വാശിപിടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പോലും ‘സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട എന്ന് ഞാന്‍ പറയില്ല’ എന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ച് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top