ശബരിമല; പോലീസിന് സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി

ശബരിമലയിൽ പോലീസിന് സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി. പതിനെട്ടാം പടിക്ക് താഴെ ജോലി ചെയ്യുന്ന പോലീസുകാർക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിർബന്ധമാക്കിയത്. ഐ.ജി വിജയ് സാക്കറെയുടേതാണ് കർശന നിർദേശം. ബെൽറ്റും തൊപ്പിയും ധരിച്ച് യൂണിഫോം ഇൻസേർട്ട് ചെയ്ത് പൊലീസുകാർ നിൽക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, സോപാനത്തും പതിനെട്ടാംപടിയിലും സേവനം അനുഷ്ഠിക്കുന്ന പൊലീസുകാർക്ക് മാത്രം ഇളവ് നൽകിയിട്ടുണ്ട്.
മണ്ഡലകാല പൂജകൾക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കാനിരിക്കെ വൻ പൊലീസ് വിന്യാസമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. അൻപത് വയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. നിലയ്ക്കലിൽ വനംവകുപ്പ് പ്രത്യേക ചെക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേക്കുള്ള വാഹനങ്ങൾ ഇലവുങ്കലിൽ തടയും. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഇന്ന് ഇലവുങ്കൽ മാത്രമാണ് പ്രവേശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here