ശബരിമല തീർത്ഥാടകർക്കായുള്ള കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ സർവീസാരംഭിച്ചു

ശബരിമല തീർത്ഥാടകർക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ സർവീസാരംഭിച്ചു. നിലക്കല്‍-പമ്പ റൂട്ടിൽ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സർവീസ് നടത്തുക. ഡീസൽ എ.സി ബസുകൾക്ക് 31 രൂപ കിലോമീറ്ററിന് ഡീസൽ ചിലവ് വരുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് കേവലം നാലുരൂപ മാത്രമാണ് ചിലവ് വരുന്നത്. ഒറ്റ ചാര്‍ജില്‍ 250കിലോമീറ്റര്‍ ഓടിക്കുവാനും സാധിക്കും. 33 സീറ്റുകളാണ് ബസിലുള്ളത്. എസി ലോ ഫ്ളോര്‍ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലിൽ ബസുകൾ ചാർജ് ചെയ്യാൻ ചാർജിംഗ് സ്റ്റേഷനുകളും തയാറായി. മണ്ഡലകാലം കഴിഞ്ഞാൽ ബസുകൾ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തും. വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.
സ്വന്തമായി ഇലക്ട്രിക് വെഹിക്കിൾ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക തുടങ്ങിയ വിവിധ ഉദ്ദേശ്യലക്ഷ്യങ്ങളാണ് പോളിസിയിലുള്ളത്. 2020-ഓടെ 3000-ഓളം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുവാനാണ് ഇലക്ട്രിക് വെഹിക്കിൾ പോളിസിയിലൂടെ ലക്ഷ്യം വെക്കുന്നത്. 2018 ജൂണിൽ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാംകുളം, കോഴിക്കോട് കോർപ്പറേഷൻ ഏരിയകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് സർവീസുകൾക്ക് ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here