Advertisement

തങ്ങളുടെ അജണ്ടയ്ക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും പ്രാധാന്യമുള്ളതല്ലെന്ന് സംഘപരിവാര്‍ തെളിയിച്ചു: ദേവസ്വം മന്ത്രി

November 17, 2018
Google News 0 minutes Read

വിശ്വാസികളെയും അയ്യപ്പഭക്തരെയും വലച്ചുകൊണ്ട് ഹര്‍ത്താല്‍ നടത്തിയ ബിജെപിയും സംഘപരിവാറും തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ വിശ്വാസങ്ങളും ആചാരങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് തെളിയിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പതിനായിരകണക്കിന് വിശ്വാസികള്‍ ശബരിമലയിലേക്ക് എത്തുന്ന ദിവസമാണ് വൃശ്ചികം ഒന്ന്. അന്യസംസ്ഥാനത്തുനിന്നും നിരവധി ഭക്തരാണ് ഈ ദിവസം ശബരിമലയിലേക്ക് എത്തുക. ഹിന്ദു മതവിശ്വാസികള്‍ പവിത്രമായി കാണുന്ന ഒരു ദിനം കൂടിയാണ് വൃശ്ചികം ഒന്ന്. എന്നാല്‍, ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വിശ്വാസങ്ങളും ആചാരങ്ങളും തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ഒന്നുമല്ലെന്ന് സംഘപരിവാറും ബിജെപിയും തെളിയിച്ചിരിക്കുന്നതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ശബരിമല മണ്ഡലകാലം തുടങ്ങുക മാത്രമല്ല, സംസ്ഥാനത്ത് മിക്ക ക്ഷേത്രങ്ങളിലും ചിറപ്പ് മഹോത്സവം തുടങ്ങുന്നതും ഇന്നാണ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്ത് നിന്നുമുള്ള പതിനായിരകണക്കിന് തീര്‍ത്ഥാടകര്‍ മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് ശബരിമലയിലേക്ക് ദര്‍ശനം നടത്താന്‍ എത്തുന്നതാണ്. ഹിന്ദു മത വിശ്വാസികള്‍ പവിത്രമായി കാണുന്ന ദിനവുമാണ് വൃശ്ചികം ഒന്ന്. എന്നാല്‍ ഇത്തരമൊരു പരിഗണനയും കൂടാതെ വൃശ്ചികം ഒന്നാം തീയതി പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് ഹിന്ദു ഐക്യവേദിയും, ബിജെപിയും ചെയ്തിരിക്കുന്നത്. തങ്ങളുടെ അജണ്ടയ്ക്ക് മുമ്പില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും പ്രാധാന്യമുള്ളതല്ലെന്ന് ബിജെപിയും സംഘപരിവാരവും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഹര്‍ത്താലിലൂടെ.

സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, സംഘടനകളോ ഒന്നും തന്നെ വൃശ്ചികം ഒന്നിന് ഹര്‍ത്താലോ അതുപോലുള്ള പ്രതിഷേധങ്ങളോ സംഘടിപ്പിക്കാറില്ല. ശബരിമല തീര്‍ത്ഥാടന കാലത്ത് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പത്തനംതിട്ട ജില്ലയെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ഹിന്ദു ഐക്യവേദിയും പിന്തുണയ്ക്കുന്ന ബിജെപിയും ആ ഇളവ് പോലും ഇന്ന് നല്‍കിയിട്ടില്ല. ശബരിമല സുപ്രീംകോടതി വിധി സുവര്‍ണാവസരമായി ഉപയോഗിക്കാന്‍ നടക്കുന്നവര്‍ക്ക് അയ്യപ്പനോടോ, അയ്യപ്പഭക്തരോടോ ഒരു പ്രതിബദ്ധതയുമില്ലെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിയും മനസിലാകാത്തവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ഇത്തരം ചെയ്തികള്‍ കാരണമാകും.

കഴിഞ്ഞ മാസം അതായത് ഒക്ടോബര്‍ 18 ഹിന്ദുമത വിശ്വാസികളെയും അയ്യപ്പഭക്തരെയും സംബന്ധിച്ച് വലിയ പ്രാധാന്യമുളള ദിനമായിരുന്നു. അന്ന് തുലാം മാസം ഒന്നാം തീയതി ആയിരുന്നു. ശബരിമലയില്‍ അന്ന് പുലര്‍ച്ചെയാണ് തുലാമാസ പൂജകള്‍ ആരംഭിക്കുന്നത്. പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതും അന്നാണ്. ഇത്തവണ തുലാം ഒന്ന്, മഹാനവമി ദിനം കൂടിയായിരുന്നു. ആ തുലാം ഒന്നിന്, മഹാനവമി ദിനത്തില്‍ സംസ്ഥാനമാകമാനം ഇതേ പോലെ ഹര്‍ത്താല്‍ നടത്തി ജനങ്ങളെയും തീര്‍ത്ഥാടകരെയും ബുദ്ധിമുട്ടിച്ചു.ഇന്നും സമാന സ്ഥിതിയാണ്. വെളളം പോലും കിട്ടാതെ തീര്‍ത്ഥാടകര്‍ പ്രയാസത്തിലായി. അയ്യപ്പഭക്തരുടെ വാഹനങ്ങളടക്കം പല സ്ഥലത്തും കുടുങ്ങിയ നിലയിലാണ്. ശബരിമലയെ തകര്‍ക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടല്ലോ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here