‘വയറോണ്‍ കര്‍ഷക അവാര്‍ഡ് 2018’ വിതരണം ചെയ്തു

‘ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം’ എന്ന കാഴ്ചപ്പാടോടെ, ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ ഇരുമ്പ് ഉരുക്ക് മൊത്തവിതരണക്കാരും ടാറ്റാ വയറോണ്‍ അംഗീകൃത വിതരണക്കാരുമായ മോഡേണ്‍ ഡിസ്‌ട്രോപൊളിസ് ലിമിറ്റഡ് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ ‘വയറോണ്‍ കര്‍ഷക അവാര്‍ഡ് 2018’ വിതരണം ചെയ്തു.

സമ്മിശ്ര കൃഷി, ഹൈടെക് കൃഷി, ജൈവ കൃഷി, വാണിജ്യ കൃഷി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി കേരളത്തിലുടനീളമുള്ള 400 ല്‍പ്പരം കര്‍ഷക അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത നാല് പേരെയാണ് കൊച്ചി മാരിയട്ട് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചത്.

സമ്മിശ്ര കൃഷിയില്‍ കോഴിക്കോട് ആനക്കൊമ്പൊയില്‍ സ്വദേശി എം.എം ഡൊമിനിക്, ഹൈടെക് കൃഷിയില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ വെട്ടം സ്വദേശി സി.എം മുഹമ്മദ്, ജൈവ കൃഷിയില്‍ പാലക്കാട് വണ്ടിത്താവളം സ്വദേശി കെ. കൃഷ്ണനുണ്ണി, വാണിജ്യ കൃഷിയില്‍ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി കെ. ജോസ് എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഓരോ വിഭാഗത്തിലും ഫൈനല്‍ റൗണ്ടിലെത്തിയ മറ്റ് രണ്ട് കര്‍ഷകരെ വീതം പ്രോത്സാഹന സമ്മാനം നല്‍കി ആദരിച്ചു.

മൂന്ന് റൗണ്ടുകളിലായി നടന്ന സ്‌ക്രീനിംഗിന്റെ അവസാന റൗണ്ടില്‍ കൃഷി വകുപ്പിലെ മുന്‍ ഡയറക്ടര്‍ ശ്രീ. എ. അബ്ദുള്‍ അസീസ്, മുന്‍ ജോയിന്റ് ഡയറക്ടര്‍ വാക്കത്ത് മുഹമ്മദ് തുടങ്ങിയ വിദഗ്ദരാണ് അപേക്ഷകരെ വിലയിരുത്തിയത്. അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രശസ്ത ഗാന രചയിതാവ് ശ്രീ. റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. നാടിന്റെ നട്ടെല്ലായ കര്‍ഷകരെ ആദരിക്കാന്‍ മോഡേണ്‍ ഡിസ്‌ട്രോപൊളിസ് ലിമിറ്റഡും ടാറ്റാ സ്റ്റീലും നടത്തിയ ഈ ഉദ്യമം ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സ് സെയില്‍സ് ഹെഡ് ശ്രീ. സന്ദീപ് സതാപതി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ടാറ്റാ സ്റ്റീല്‍ ഗ്ലോബല്‍ വയേഴ്‌സ് സൗത്ത് റീജിയണല്‍ സെയില്‍സ് മാനേജര്‍ ബിരേന്ദ്ര കുമാര്‍, സീനിയര്‍ സെയില്‍സ് മാനേജര്‍ രമ്യ കോടാലി, മോഡേണ്‍ ഡിസ്‌ട്രോപൊളിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.വി അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top