കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ കഴുത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റെന്ന് തിരിച്ചറിഞ്ഞത്. വാഴ കൃഷി ചെയ്യുന്ന സുരേഷിന് കൃഷി സ്ഥലത്ത് വെച്ച് സൂര്യാഘാതമേറ്റു എന്നാണ് പ്രാഥമികമായി മനസിലാക്കാൻ സാധിക്കുന്നത്.
കോഴിക്കോടിന് സമാനമായി മലപ്പുറത്തും കോന്നിയിലും 2 പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. വീടിന്റെ ടെറസിന് മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും, കഴുത്തിലും സൂര്യാതാപമേറ്റത്. കോന്നിയിൽ ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയനാണ് സൂര്യാഘാതം ഏറ്റത്. ഇന്ന് ഉച്ചയ്ക്ക് 12:30 ന് ആയിരുന്നു സംഭവം.
Read Also: ‘വേനൽച്ചൂട് കനക്കുകയാണ്, ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തി’; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ 2 മുതൽ 3°C വരെ താപനില ഉയരാം. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38°C വരെ താപനില ഉയരാം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും താപനില ഉയരാം. വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും,
തിരുവനന്തപുരത്ത് 33 °C വരെയും ഇടുക്കിയിൽ32 °C താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
എന്താണ് സൂര്യാഘാതം
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിയിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോധം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
Story Highlights : Farmer suffers sunstroke in Karassery, Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here