‘ലംഘിച്ചേ ലംഘിച്ചേ നിരോധനാജ്ഞ ലംഘിച്ചേ..’; യുഡിഎഫ് നേതാക്കള്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുവാദം

congress sabarimala

യുഡിഎഫ് നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക്. ‘ലംഘിച്ചേ ലംഘിച്ചേ നിരോധനാജ്ഞ ലംഘിച്ചേ…’എന്ന മുദ്രാവാക്യം വിളിച്ചാണ് യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരിപ്പ് നടത്തിയത്. ഒടുവില്‍ എല്ലാവര്‍ക്കും സന്നിധാനത്തേക്ക് പോകാനുള്ള അനുവാദം പോലീസ് നല്‍കുകയായിരുന്നു.

എംഎല്‍എമാരെ മാത്രമേ മുകളിലേക്ക് കയറ്റിവിടൂ എന്നായിരുന്നു എസ്.പി യതീഷ് ചന്ദ്രയുടെ ആദ്യ നിലപാട്. എന്നാല്‍, തങ്ങള്‍ കുത്തിയിരുന്ന് നിരോധനാജ്ഞ ലംഘിക്കാന്‍ പോകുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഏതാനും മിനിറ്റുകള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനുശേഷം നിരോധനാജ്ഞ ഔദ്യോഗികമായി ലംഘിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒടുവില്‍ എല്ലാവര്‍ക്കും സന്നിധാനത്തേക്ക് പോകാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പോലീസ് അനുവാദം നല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു.

എന്നാല്‍, സന്നിധാനത്തേക്ക് പോകാതെ നിലയ്ക്കലുള്ള ബേസ് ക്യാംപിലേക്കാണ് നേതാക്കള്‍ പോയത്. 144 പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുഴുവന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കയറ്റി വിടാമെന്ന് പോലീസ് ഒടുവില്‍ ഉറപ്പുനല്‍കി. 144 ലംഘിക്കുകയാണ് തങ്ങളുടെ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്.പി യതീഷ് ചന്ദ്രയോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top