എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ എം.എെ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. പുലർച്ചെ 1 35ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യനില വഷളാവുകയും പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം എറണാകുളത്ത് എത്തിക്കും.ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്.

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി. ഇബ്രാഹിം കുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെ.എസ്‌.യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ഷാനവാസ്, യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എറണാകുളം ലോ കോളജിൽ നിന്ന് എൽ.എൽ.ബിയും നേടിയിട്ടുണ്ട്.

2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി. 1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കു ശേഷം പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി.  2014ലെ തിരഞ്ഞെടുപ്പില്‍ 20870 വോട്ടുകള്‍ക്ക് വിജയം ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്‍റെ സത്യന്‍ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്.

കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനാണ് ശസ്ത്രക്രിയ കഴിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top