‘ഉത്തരവാദിത്തം ഏൽക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ല’ ; വിമർശനവുമായി പൊൻ രാധാകൃഷ്ണൻ

ഇന്ന് രാവിലെ ശബരിമല ദർശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷണനോടുള്ള എസ്പിയുടെ പെരുമാറ്റം ശരിയായില്ലെന്ന് വിമർശനം. കേന്ദ്രമന്ത്രി തന്നെയാണ് മാധ്യമങ്ങൾക്ക് മുമ്പിൽ എസ്പിയെ വിമർശിച്ച് സംസാരിച്ചത്. ‘ഉത്തരവാദിത്തം ഏൽക്കുമോ’ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ലെന്നും സംസ്ഥാന മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചു.
ശബരിമലയിലെ വാഹനനിയന്ത്രണത്തെ ചൊല്ലി എസ്പി യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂ എന്നും കൂടെയുള്ളവർക്ക് കെഎസ്ആർടിസി ബസ്സുകളിൽ പോകാമെന്നും പോലീസ് പറഞ്ഞതോടെയാണ് വാക്കുതർക്കം ഉടലെടുക്കുന്നത്.
വാഹനനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിൻറെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു. എന്നാൽ ഇത്തരം ഒരു നിയന്ത്രണം രാജ്യത്തെവിടെയും ഇല്ലെന്നും ഭക്തർ ദുരിതത്തിലാണെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഉത്തരവിട്ടാൽ ഗതാഗതനിയന്ത്രണം നീക്കാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും എസ്പി ചോദിച്ചു. ഉത്തരവിടാനുള്ള അധികാരം തനിക്കില്ലെന്നും തൻറെ നിർദ്ദേശം സർക്കാരിനെ അറിയിക്കാനും മന്ത്രി എസ്പിക്ക് നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here