കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; കേന്ദ്രം മുഖംതിരിച്ചുവെന്ന് മുഖ്യമന്ത്രി

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഗുരുതരമായ അലംഭാവമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിച്ചതെന്ന് മുഖ്യമന്ത്രി. കേരളത്തിന് അര്‍ഹതപ്പെട്ട നിലയില്‍ കേന്ദ്രം ഇതുവരെ സഹായം നല്‍കിയിട്ടില്ല. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വലിയ സഹായം ലഭിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിച്ചത്. എന്നാല്‍, കേരളത്തിന് അര്‍ഹതപ്പെട്ടത് ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ധനസഹായം അപര്യാപ്തമാണ്. മാത്രമല്ല, കേരളത്തെ സഹായിക്കാനായി മുന്നോട്ടുവന്ന യു.എ.ഇയെ കേന്ദ്രം തടയുകയും ചെയ്തു. കേരളത്തില്‍ പ്രളയം വിതച്ച ആഘാതം നേരില്‍ കണ്ടവരാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് കേരളത്തെ സഹായിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെയും കേന്ദ്രം അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് 5616 കോടിയും, 5000 കോടിയുടെ പ്രത്യേക പാക്കേജുമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഫലപ്രദമായ നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 31000 കോടിയുടെ ഭീമമായ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. എല്ലാ കണക്കുകളും പരിശോധിച്ചാല്‍ നഷ്ടം ഇതിനേക്കാള്‍ കൂടുതലാണ്. 2683 കോടി 13 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. കേന്ദ്രസഹായമായി ലഭിച്ചിരിക്കുന്നത് ഇതുവരെ 600 കോടി മാത്രമാണ്. കര്‍ണാടകത്തില്‍ ഒരു ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേന്ദ്രം 540 കോടി അനുവദിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേന്ദ്രം 2300 കോടിയാണ് നല്‍കിയത്. എന്നാല്‍, കേരളത്തോട് കേന്ദ്രം ഇത്രയും പരിഗണന കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here