കെ. സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു. ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചന കേസാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ട വിശേഷ സമയത്ത് 52-കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റവും പോലീസ് സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി ഇന്ന് അംഗീകരിച്ചില്ല.
തനിക്കെതിരെ പ്രതികാര നടപടിയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്ക് എതിരെയുള്ള കേസുകളെല്ലാം കെട്ടിച്ചമച്ചതാണ്. ശക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ട്. വീണ്ടും വീണ്ടും കേസുകള്‍ തനിക്ക് എതിരെ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു. എന്ത് തന്നെ വന്നാലും ആചാര സംരക്ഷണത്തിനായി നിലകൊള്ളും. കേസുകളെ നേരിടും നെഞ്ചുവേദന അഭിനയിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here