നിലപാട് മാറ്റി നേതാക്കള്‍;രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

ലൈംഗികാരോപണത്തില്‍ കുരുങ്ങി വിവാദ നായകനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് കൈയ്യൊഴിയില്ലെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുലിന് രാഷ്ട്രീയ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരോപണം പുകമറ സൃഷ്ടിക്കാനും കോണ്‍ഗ്രസ് മുന്നേറ്റം തടയാനുമാണെന്നാണ് നേതാക്കളുടെ ആരോപണം. (congress support rahul mamkoottathil explained)
പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും നേരത്തെതന്നെ രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം കടുത്ത നടപടിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതുപോലെ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്.
രാഹുലിനെതിരെ സി പി ഐ എമ്മും ബി ജെ പിയും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നേതൃത്വം ഒറ്റക്കെട്ടായി നീക്കം നടത്തുന്നത്.ഇതിനിടയില്‍ സി പി ഐ വനിതാ നേതാവ് രാഹുല്‍ വിഷയത്തില്‍ നടത്തിയ പരസ്യ പ്രതികരണവും കോണ്‍ഗ്രസിന് പിടിവള്ളിയായിരിക്കയാണ്. മനപൂര്‍വ്വം ഇരകളെ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പത്തനംതിട്ടയിലെ ഒരു വനിതാ നേതാവിന്റെ ആരോപണം. രാഹുല്‍ വിഷയത്തില്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നതിന് ഇടയിലാണ് ഇതേ ആരോപണവുമായി സി പി ഐ വനിതാ നേതാവ് രംഗത്തെത്തിയത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി വിലയിരുത്തുന്നത്. ആരോപണങ്ങളും വിവാദങ്ങളും പത്രമാധ്യമങ്ങളില്‍ പ്രചരിച്ചതല്ലാതെ പരാതിയുമായി ആരും എത്തിയിട്ടില്ല. ചില ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചുവെന്നല്ലാതെ തെളിവുതള്‍ നിരത്തി ആരും പൊലീസിനുമുന്നില്‍ പരാതി ഉന്നയിച്ചിട്ടില്ല. ലൈംഗിക ആരോപണത്തില്‍ കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കു പിന്നില്‍. അതിനാല്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. ഇതോടെയാണ് രാഹുലിന് രാഷ്ട്രീയ കവചം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ശക്തമായി ആവശ്യമുന്നയിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിയാവശ്യത്തില്‍ നിന്നും പിറകോട്ട് പോയിരിക്കയാണ്. സി പി ഐ എം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് യു ഡി എഫ് നേതാക്കളും വിശ്വസിക്കുന്നത്.
രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ സംരക്ഷണം ഉറപ്പാക്കുമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ തുടര്‍ന്നും ഇടപെടാന്‍ അവകാശമുണ്ട്. രാഹുലിനെതിരെ ഈ നിമിഷംവരെ ഒരു പരാതിയും ഉന്നയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ മാത്രമേയുള്ളൂ. ആരോപണവിധേയരായ നിരവധിപേര്‍ ഇപ്പോള്‍ സഭയില്‍ ഉണ്ടെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങള്‍ സ്വാഭാവികമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വിലയിരുത്തുന്നത്.ലൈംഗികാരോപണങ്ങളുടെ പേരില്‍ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാജിവെച്ചൊഴിയുന്ന നിലപാട് ഒരു പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയമായി ആരോപണങ്ങളുടെ പേരില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാട് നേരത്തെ തന്നെ പ്രതിപക്ഷനേതാവും മറ്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൈക്കൊണ്ടിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തെ ഏതുവിധേനയും കേസില്‍ കുരുക്കി അറസ്റ്റു ചെയ്യിക്കാനുള്ള നീക്കങ്ങളാണ് സി പി ഐ എം നടത്തുന്നാണ് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. രാഹുല്‍ വിഷയം ഊതിപ്പെരുപ്പിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ യു ഡി എഫില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും, ബി ജെ പിയും കടുത്ത നിലപാട് കടുപ്പിട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാഹുല്‍ വിഷയത്തില്‍ സ്വീകരിച്ചരിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. എ ഐ സി സി നേതൃത്വത്തിനും രാഹുലിനെ പൂര്‍ണമായും തള്ളിക്കളയുന്നതിനോട് യോജിപ്പില്ല. ഇതേ സമയം രാഹുല്‍ രാജിവെക്കണമെന്ന പരസ്യനിലപാട് സ്വീകരിച്ച ഉമ തോമസ് എം എല്‍ എയുടെ നിലപാട് അമിതാവേശമായെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ഉമാ തോമസിന്റെ പ്രസ്താവന രാഷ്ട്രീയ എതിരാളികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ഉമാ തോമസും ചില വനിതാ നേതാക്കളും കോണ്‍ഗ്രസില്‍ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നായിരുന്നു സി പി ഐ എമ്മിന്റെ പ്രചാരണം. ഉമാ തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് സൈബറാക്രമണം നടത്തിയെന്ന പ്രചാരണവും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതായാണ് നേതൃത്വം വിലയിരുത്തിയത്.
ഇതേ സമയം സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, പരാതികളില്‍ വിശദമായ അന്വേഷത്തിലേക്ക് കടന്നിരിക്കയാണ്. രാഹുലിനെതിരെ ലഭിച്ച വിവിധ പരാതികളില്‍ മൊഴി രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം. എന്നാല്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നു പറയപ്പെടുന്ന ആരും പരാതിയുമായി അന്വേഷണ സംഘത്തിന് മുന്നില്‍ ഇതുവരെ എത്തിയിട്ടില്ലെന്നതും കോണ്‍ഗ്രസിനും രാഹുല്‍ മാങ്കൂട്ടത്തലിനും ആശ്വാസം നല്‍കുന്നു.
ലൈംഗികാതിക്രമണം നടത്തിയെന്ന ആരോപണത്തില്‍ തെളിവുകള്‍ ശേഖരിക്കാനും, പരാതിലഭിച്ചാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ആഭ്യന്തരവകുപ്പ് രാഹുലിനെതിരെയുയര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് സംരക്ഷണം തീര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. പരാതികളുമായി ആരും നേരിട്ട് രംഗത്തുവരാത്തത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിരിക്കയാണ്. കേവലം ആരുടേയെങ്കിലും പരാതിയില്‍ കേസെടുക്കാമെന്നല്ലാതെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇതാണ് കോണ്‍ഗ്രസിനുള്ള പിടിവല്ലി. കഴമ്പിത്താത്ത ആരോപണമാണ് ഉയര്‍ന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ രാഹുല്‍ എം എല്‍ എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം പിന്നീട് എത്തുകയായിരുന്നു.
ധാര്‍മികമായി രാഹുലിന് എം എല്‍ എ സ്ഥാനത്ത് തുടരാനാവില്ലെന്നും, പരാതിയുമായി വരുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഇതോടെയാണ് ആഭ്യന്തര വകുപ്പ് രാഹുലിനെതിരെയുള്ള അന്വേഷണം വിപുലമാക്കിയത്. പരാതിക്കാരെകണ്ടെത്തി രേഖാമൂലം പരാതി എഴുതി വാങ്ങിക്കാനുള്ള തീവ്രനീക്കത്തിലാണ് ആഭ്യന്തരവകുപ്പ്. രാഹുല്‍ അശ്ലീല സന്ദേശം അയച്ചെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ റിനി യെന്ന യുവനടിയില്‍ നിന്നും മൊഴിശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മറ്റു ശബ്ദസന്ദേശത്തില്‍ ശാസ്ത്രീയ അന്വേഷണം നടക്കണമെങ്കില്‍ പരാതിക്കാരിയില്‍ നിന്നും മൊഴിയെടുക്കണം. ഗര്‍ഭഛിദ്രം അടക്കമുള്ള പരാതികള്‍ നിലനില്‍ക്കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന പരാതിയില്‍ രാഹുലിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജവാരില്ലെന്നാണ് രാഹുലിന്റെ നിലപാട്. രാഹുലിനെ ഏതുവിധേനയും അറസ്റ്റു ചെയ്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണിതെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം തീര്‍ക്കുമെന്ന് പരസ്യനിലപാടുമായി അടൂര്‍ പ്രകാശ് രംഗത്തെത്തിയത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും കേരളം ഞെട്ടുന്ന ചില വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്ന് ആവര്‍ത്തിച്ചതും സര്‍ക്കാരിന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ പാര്‍ട്ടി ഒരുക്കമാണെന്ന സൂചനകളാണ് പ്രതിപക്ഷനേതാവും യു ഡി എഫ് കണ്‍വീനറും നല്‍കുന്നത്.
Story Highlights : congress support rahul mamkoottathil explained
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here