വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ്; തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റം

റിസര്‍വ് വനത്തില്‍ മണ്ണിറക്കി റോഡുണ്ടാക്കി മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ്. വനത്തില്‍ മണ്ണിറക്കുന്നത് തടഞ്ഞ ഉദ്യോഗസ്ഥന് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമിച്ചതായി ആരോപണം. നിയമം ലംഘിച്ചുകൊണ്ട് മണ്ണിടാന്‍ അനുമതി നല്‍കിയ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.

കാസര്‍കോഡ് കാറടുക്ക മുള്ളേരിയ പാര്‍ഥക്കൊച്ചി റിസര്‍വ്വ് വനത്തിലാണ് സിനിമാ ചിത്രീകരണാവശ്യത്തിനായി അറുപത് ലോഡ് മണ്ണിറക്കിയത്. മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ ചിത്രീകരണ ആവശ്യത്തിനായി മണ്ണ് ഇറക്കാനും ഡിഎഫ്ഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെ വനംവകുപ്പ് വീണ്ടും സിനിമയുടെ ചിത്രീകരണം അനുവദിക്കുകയായിരുന്നു. റിസര്‍വ് വനത്തില്‍ മണ്ണിടാനുള്ള അനുമതി നല്‍കിയ നടപടിയെ എതിര്‍ത്ത റേഞ്ച് ഓഫീസര്‍ അനില്‍കുമാറിനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്. നിലവില്‍ സ്ഥലംമാറ്റിയ നടപടി കേരള അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണല്‍ തടഞ്ഞിരിക്കുകയാണ്.

ഖാലിദ് റഹ്മാനാണ് ഉണ്ടയുടെ സംവിധായകന്‍. വനമേഖലയില്‍ ചിത്രീകരണം നടത്തുന്നതിനായി സെപ്റ്റംബര്‍ മാസത്തിലാണ് ഡിഎഫ്ഒയുടെ സമക്ഷം അനുമതി തേടി. ഉപാധികളോടെയാണ് ഡിഎഫ്ഒ അനുമതി നല്‍കിയത്. എന്നാല്‍, ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് നാലോ അഞ്ചോ ലോഡ് മണ്ണ് വനത്തില്‍ ഇറക്കിയതായി ആരോപണം ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട റേഞ്ച് ഓഫീസര്‍ മണ്ണിറക്കുന്നത് നിര്‍ത്തിവപ്പിച്ചു.

എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമയുടെ ചിത്രീകരണം ഉപാധികളോടെ തുടരാന്‍ വനംവകുപ്പ് ഉത്തരവ് നല്‍കി. ഒക്ടോബര്‍ പത്തിനാണ് അനുമതിയും അനുബന്ധ ലൈസന്‍സുകളും റദ്ദാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം പ്രദീപ് കുമാര്‍ നല്‍കുന്നത്. ഒക്ടോബര്‍ പത്തിനായിരുന്നു ഇത്. എന്നാല്‍ പിന്നീട് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 25ന് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കി ഉത്തരവിറക്കി. തുടര്‍ന്നാണ് അനില്‍കുമാറിനെതിരെയുള്ള നടപടി.

കാസര്‍കോഡ് റേഞ്ച് ഓഫീസറായി ചുമതലയേറ്റ് ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാവുന്നതിനിടെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് നല്‍കി. വനനിയമ പ്രകാരം പുറത്ത് നിന്ന് വനത്തിലേക്ക് മണ്ണ് കടത്താനോ നിക്ഷേപിക്കാനോ ആവില്ല. വനത്തിന്റെ സ്വാഭാവിക പ്രകൃതിക്ക് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാക്കില്ല എന്ന ഉറപ്പില്‍ വേണം സിനിമാ ചിത്രീകരണത്തിനും അനുമതി നല്‍കാന്‍. എന്നാല്‍ മണ്ണിട്ട റോഡ് വെട്ടിയും, മണ്ണ് നിരത്തിയും വനത്തിന്റെ നിലനില്‍ക്കുന്ന പ്രകൃതിയില്‍ മാറ്റം വരുത്തിയതായാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

എന്നാല്‍ സിനിമ ചിത്രീകരണത്തിന് മണ്ണ് ആവശ്യമാണെന്ന കാണിച്ച് അപേക്ഷ നല്‍കിയപ്പോഴാണ് അതിന് അനുമതി നല്‍കിയതെന്നാണ് ഡിഎഫ്ഒ എം രാജീവന്റെ വിശദീകരണം. മണ്ണിട്ട് നിര്‍മ്മിച്ച റോഡ് വനംവകുപ്പിന്റെ കൂടി ആവശ്യവും ആയിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ‘അവര്‍ക്ക് പഴയ മാതൃകയിലുള്ള മണ്ണ് തേച്ച വീടുകളുടെ സ്ട്രക്ചര്‍ നിര്‍മ്മിക്കണമായിരുന്നു. ആ ആവശ്യത്തിന് മണ്ണ് വേണമെന്ന് കാണിച്ചാണ് അപേക്ഷ നല്‍കിയത്. ഞാന്‍ അതിന് അനുമതി നല്‍കുകയും ചെയ്തു. റോഡ് നിര്‍മ്മാണമാണ് വിഷയമായത്. എന്നാല്‍ അവിടെ കൂട്ട്‌റോഡ് ഉണ്ടായിരുന്നു. അതിലെ കുണ്ടും കുഴിയും നികത്തുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. അത് വനംവകുപ്പിനും ആവശ്യമാണ്. ആ റോഡ് കൂടി നികത്തിയത് തെറ്റായ കാര്യമായി കണക്കാക്കാനാവില്ല. വനംവകുപ്പിന്റെ വാനുകളും മറ്റും അതിലൂടെ കൊണ്ടുപോവാന്‍ കഴിയില്ലായിരുന്നു. ഇത്ര ലോഡ് മണ്ണ് എന്ന് പറഞ്ഞിട്ടല്ല അനുമതി നല്‍കിയത്. മണ്ണടിക്കാനുള്ള അനുമതിയാണ് കൊടുത്തത്. അനില്‍കുമാറിന്റെ സ്ഥലമാറ്റം ഇതിന്റെ പേരില്‍ മാത്രമല്ല. ഇതിന് മുന്നെയും പല ആരോപണങ്ങള്‍ അനില്‍കുമാറിനെതിരെ ഉണ്ടായിരുന്നു. അത് ഒരു സ്വാഭാവിക നടപടിയാണെന്നും’ ഡിഎഫ്ഒ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top