Advertisement

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

December 7, 2018
1 minute Read
Bjp Congresss

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഡിസംബര്‍ 11 ന് പുറത്തുവരാനിരിക്കെ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും അഞ്ചിടത്തും നടക്കുക എന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോളില്‍ തെലങ്കാന ടി.ആര്‍.എസിനൊപ്പം തന്നെ നില്‍ക്കുമെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ഫലം

മധ്യപ്രദേശില്‍ 104 മുതല്‍ 122 വരെ സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും. ബിജെപി തൊട്ടുപിന്നിലുണ്ട്. 104 മുതല്‍ 120 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. അതേസമയം, രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇതേ സര്‍വേയില്‍ പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 119 മുതല്‍ 141 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കുമെന്നും ബിജെപിയുടെ നേട്ടം 55 മുതല്‍ 72 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു.

ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം

എന്നാൽ ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം മധ്യപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു. ബിജെപിക്ക് 126 സീറ്റുകൾ പ്രവചിക്കുമ്പോൾ കോൺഗ്രസിന് 89 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർ 15 സീറ്റുകൾ നേടുമെന്നും ടൈംസ് നൗ സിഎൻഎക്സ് സർവേ ഫലം പ്രവചിക്കുന്നു.

തെലങ്കാനയില്‍ ടി.ആര്‍.എസ് തന്നെ അധികാരത്തില്‍ വരുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചിരിക്കുന്നത്. അതേസമയം, മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കുമെന്ന പ്രവചനങ്ങളുമുണ്ട്. എന്‍ഡിടിവി എക്‌സിറ്റ് പോളില്‍ 20 സീറ്റ് നേടി മിസോറാം എംഎന്‍എഫ് പിടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 18 സീറ്റുകള്‍ നേടുമെന്നും പറയുന്നു.

ഛത്തീസ്ഗഡില്‍ 50 സീറ്റുവരെ കോണ്‍ഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നായിരുന്നു അഭിപ്രായ സര്‍വ്വേ. എന്നാല്‍ പുറത്തുവന്ന മൂന്ന് സര്‍വേകള്‍ കോണ്‍ഗ്രസിനും മൂന്ന് സര്‍വേകള്‍ ബിജെപിക്കും മൂന്‍തൂക്കം നല്‍കുന്നതാണ്. ആകെയുള്ള 90 സീറ്റുകളില്‍ സീ വോട്ടര്‍ 43 മുതല്‍ 45 വരെയുള്ള സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് 42 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്ന് സീ വോട്ടർ പ്രവചിക്കുന്നു. 90 ല്‍ 46 സീറ്റുമായി ബിജെപി അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സിഎൻഎക്സ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top