മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ . കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി ടെന്‍യണ്ടയോങ്ങ്, ഡോഹ് ക്വെന്‍റിന്‍ ന്വാന്‍സുവ എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഹൈദരാബാദില്‍ നിന്നും ഇരുവരേയും അറസ്റ്റ് ചെയ്തത്. പ്രതികളുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
മഞ്ചേരിയിലെ മരുന്നു കടയുടെ വിലാസവും ജി എസ് ടി നമ്പറും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മരുന്ന് ഉൾപ്പടെയുള്ള സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം മുൻകൂറായി വാങ്ങിയായിരുന്നു തട്ടിപ്പ്. പ്രതികളില്‍ നിന്നും തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരുംമറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here