അഡ്‌ലെയ്ഡില്‍ വിജയം ആറ് വിക്കറ്റ് അകലെ; ഇന്ത്യയ്ക്ക് മുന്‍തൂക്കം

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 104/ 4 എന്ന നിലയിലാണ്. മത്സരത്തിന്റെ അവസാന ദിനമായ നാളെ ആറ് വിക്കറ്റ് ശേഷിക്കേ 219 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വേഗം പുറത്താക്കി വിജയം സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യ ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 44 ല്‍ എത്തിയപ്പോഴേക്കും ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെയും മാര്‍ക്കസ് ഹാരിസിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജയും ഹാന്‍ഡ്‌സ്‌കോബും കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങിയതോടെ ഓസീസ് പതറി. 31 റണ്‍സുമായി ഷോണ്‍ മാര്‍ഷും 11 റണ്‍സുമായി ട്രാവിഡ് ഹെഡുമാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി ആര്‍. അശ്വിന്‍, മൊഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ, 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 307 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 250 സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഓസീസിന്റെ ഇന്നിംഗ്‌സ് 235 ല്‍ അവസാനിച്ചു. മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറയും ആര്‍. അശ്വിനുമാണ് ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് 235 ല്‍ അവസാനിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top