പ്രളയത്തേയും മണ്ണ് മാഫിയയേയും അതിജീവിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് പൊന്നേംപാടം

പ്രളയത്തേയും മണ്ണ് മാഫിയയേയും അതിജീവിച്ച് കൃഷിയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം. ജൈവപച്ചക്കറി വസന്തമൊരുക്കി പൊന്നേംപാടം എന്ന ഗ്രാമം മാനവികഐക്യത്തിന്റെ സന്ദേശം കൂടിയാണ് സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്. പൊന്നേംപാടത്ത് വിളവെടുക്കുന്ന പച്ചക്കറികള്‍ വാങ്ങുന്നതിനായി ദൂരസ്ഥലത്ത് നിന്ന് പോലും നിരവധിയാളുകളാണ് ഈ കുഞ്ഞുഗ്രാമത്തിലെത്തുന്നത്.
ചാലിയാറിന്റെ തീരത്ത് കണ്ണെത്താ ദൂരത്തോളം സമൃദ്ധമായി വിളഞ്ഞിരുന്ന നെല്‍പ്പാടങ്ങളായിരുന്നു ഒരിക്കല്‍ പൊന്നേംപാടത്തിന്റെ സ്വകാര്യ അഹങ്കാരം.
പൊന്നുവിളഞ്ഞ നെല്‍പ്പാടങ്ങള്‍ ആദ്യം മണ്ണ്മാഫിയയാണ് കവര്‍ന്നെടുത്തത്. കളിമണ്ണ് ഖനനത്തിന്റെ പേരില്‍ ചൂഷണം വര്‍ഷങ്ങളോളം തുടര്‍ന്നു. എന്നാല്‍ ഗ്രാമത്തിന്റെ പെരുമ വീണ്ടെടുക്കാന്‍ കര്‍ഷകസംഘം രൂപീകരിച്ച് നീക്കം തുടങ്ങി. രണ്ടരയേക്കര്‍ വയല്‍ പാട്ടത്തിനെടുത്തായിരുന്നു കൃഷി. വിളവെടുക്കാന്‍ പാകമായപ്പോള്‍ അപത്രീക്ഷതമായി ഒരു ദുരന്തവും പൊന്നേപാടത്തെ തേടിയെത്തി. കൃഷി മുഴുവന്‍ പ്രളയത്തില്‍ നശിച്ചു. എന്നാല്‍ തോറ്റുപിന്മാറാന്‍ തയ്യാറായിരുന്നില്ല കര്‍ഷകര്‍.
മനകരുത്തോടെ 42 പേരടങ്ങുന്ന നാട്ടിലെ കര്‍ഷകസംഘം കൈമെയ്യ് മറന്ന് മുന്നിട്ടിറങ്ങി. ഇന്ന് രണ്ടരയേക്കറില്‍ പയര്‍,വെണ്ട,പാവയ്ക്ക,ചീര തുടങ്ങിയ പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്നു. വിളവെടുക്കുന്ന പച്ചക്കറികള്‍ രാവിലേയും വൈകീട്ടും പ്രത്യേക കൗണ്ടര്‍ തുടങ്ങി വില്‍ക്കും. ശുദ്ധമായ പച്ചക്കറികള്‍ വാങ്ങാന്‍ ആവശ്യക്കാരും ഏറെയാണ്. കൃഷിയറിവുകള്‍ പങ്കുവെച്ചും പരസ്പര സഹകരണത്തോടുമുള്ള പച്ചക്കറി കൃഷി പുത്തന്‍ മാതൃകയാണ് സമൂഹത്തിന് മുന്നില്‍ പങ്കുവെക്കുന്നത്. തകര്‍ത്തെറിയാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ തലയെടുപ്പോടെ പച്ചപട്ടണിഞ്ഞ് നില്‍ക്കുകയാണ ഇന്ന് പൊന്നേംപാടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here