Advertisement

തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അപാകത; തിരഞ്ഞെടുപ്പ് കമ്മീഷനുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തി

11 hours ago
Google News 2 minutes Read
v d satheesan

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികളിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിന്റെ നിവേദനം കൈമാറി.

തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിലെ ഗുരുതര അപാകതകളും മാര്‍ഗരേഖയുടെ ലംഘനങ്ങളും തിരുത്തണമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ തുല്യ ജനസംഖ്യ ഉറപ്പ് വരുത്തുക, അണ്‍ ഓതറൈസ്ഡ് വീടുകള്‍ കൂടി ജനസംഖ്യ തിട്ടപ്പെടുത്താന്‍ കണക്കിലെടുക്കുക, ആള്‍ താമസമില്ലാത്ത ഫ്ളാറ്റുകളും വീടുകളും ജനസംഖ്യ നിര്‍ണയിക്കുന്നതില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കമ്മിഷന്‍ പരിഗണിച്ചില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവും കമ്മിഷന്‍ പരിഗണിച്ചിട്ടില്ല.

Read Also: കൊല്ലത്ത് നാല് വിദ്യാര്‍ത്ഥികള്‍ക്ക് H1N1; സ്‌കൂള്‍ അധികൃതരുമായി അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുവാന്‍ പോളിംഗ് സ്റ്റേഷനുകളുടെ കാര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പഞ്ചായത്തുകളിലെ ഒരു ബൂത്തില്‍ 1300 വോട്ടര്‍മാര്‍ എന്നത് 1100 ആയും നഗരസഭകളില്‍ 1600 എന്നത് 1300 ആയും നിജപ്പെടുത്തണം. ഒരു വോട്ട് മാത്രം ചെയ്യേണ്ട നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പോലും ഒരു ബൂത്തില്‍ ഇത്രയും വോട്ടര്‍മാര്‍ ഉണ്ടാകില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്ന് വോട്ട് ചെയ്യേണ്ടി വരുമ്പോള്‍ 1300 ഉം 1600 ഉം വോട്ടര്‍മാര്‍ ഒരു ബൂത്തില്‍ വരുന്നത് പോളിംഗില്‍ പ്രതിസന്ധി ഉണ്ടാക്കും. അതോടൊപ്പം നിരവധി വാര്‍ഡുകളില്‍ ഡീലിമിറ്റേഷനു ശേഷവും, പോളിംഗ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദിഷ്ട രണ്ട് കിലോമീറ്ററിന്റെ സ്ഥാനത്ത് എട്ടിലധികം കിലോമീറ്ററുകള്‍ വോട്ടര്‍മാര്‍ യാത്ര ചെയ്യേണ്ടി വരുന്നതായി ആക്ഷേപം ഉയര്‍ന്നു വരുന്നുണ്ട്. ഇത്തരം വാര്‍ഡുകളില്‍ വോട്ടര്‍മാരുടെ സംഖ്യ പരിഗണിക്കാതെ ഒന്നില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകണം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തദ്ദേശ പോളിംഗ് ബൂത്തുകളുടെ കാര്യത്തില്‍ അടിയന്തിരമായ പുനഃപരിശോധനയും തീരുമാനവും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനം വന്നിട്ടും പഞ്ചായത്ത് ആക്ട് പ്രകാരവും, മുന്‍സിപ്പല്‍ ആക്ട് പ്രകാരവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കേണ്ട അന്തിമ വിജ്ഞാപനത്തിന്റെ കോപ്പികളോ, അതോടൊപ്പമുള്ള പുതിയ വാര്‍ഡുകളുടെ ഡിജിറ്റല്‍ മാപ്പോ, മറ്റ് അനുബന്ധ രേഖകളോ ഇതുവരെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടിയും നല്‍കിയിട്ടില്ലെന്ന ഗുരുതരമായ വിഷയവും ശ്രദ്ധയില്‍പ്പെടുത്തി. ഈ രേഖകള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫ് സെക്രട്ടറി സിപി ജോണും ഒപ്പമുണ്ടായിരുന്നു.

Story Highlights : Opposition leader meets with Election Commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here