ബാക്കിയായത് തകര്‍ന്ന ബോട്ട്; പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളിക്ക് പറയാനുള്ളത്

വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ നിന്ന് അമ്പത് മീറ്റര്‍ മാറി ഒരു ബോട്ട് കിടപ്പുണ്ട്. അത് ഒരു സ്മാരകമാണ്, പ്രളയകാലത്ത് നിരവധി ജീവനുകളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ മനസിനെ സൂചിപ്പിക്കുന്ന ഒരു സ്മാരകം. എന്നാല്‍ ഈ സ്മാരകത്തിന് കണ്ണീരുപ്പിന്റെ മണമാണ്.
പ്രളയകാലത്ത് മനുഷ്യജീവനുകളെയും കേരളത്തേയും പുതുജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളി സേനാംഗം ഷിബുവിന്റെ ബോട്ടാണിത്. സ്വന്തം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെത്തിയ ഈ അമ്പത്തിനാലുകാരന് ഇനി ഒന്നും ബാക്കിയില്ല, സ്വന്തം ബോട്ടുപോലും. ബാങ്കില്‍ നിന്ന് ലോണെടുത്ത് വാങ്ങിയ ഈ ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്നു. ആ സമയത്ത് തന്നെ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റു. എന്‍ജിനും ബോട്ടും ബോട്ടിലുണ്ടായിരുന്ന വലയും തീര്‍ത്തും ഉപയോഗ ശൂന്യമായി. സ്വന്തം ബോട്ടില്‍ മത്സബന്ധനത്തിന് പോയിരുന്ന ഷിബുവും മകന്‍ ഷിജു
വും മറ്റ് ബോട്ടുകളിലാണ് ഇപ്പോള്‍ പണിയ്ക്ക് പോകുന്നത്. നട്ടെല്ലിലെ പരിക്ക് പിടിമുറുക്കുമ്പോള്‍ ഷിബുവിന് പലപ്പോഴും പണിയ്ക്ക് പോകാനാകില്ല. പലിശ അടയ്ക്കാതെ ബാങ്കിലെ കടം പെരുകുന്നു. പ്രളയത്തില്‍ മനുഷ്യര്‍ നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധിയെയാണ് ഷിബു ഇപ്പോള്‍ നേരിടുന്നത്. പണ്ട് സുനാമി വന്നപ്പോള്‍ വീട് തകര്‍ന്ന സമയത്ത് സര്‍ക്കാര്‍ വച്ച് കൊടുത്ത രണ്ടു മുറി കെട്ടിടമാണ് സ്വന്തമെന്ന് പറയാന്‍ ഷിബുവിന് ഇപ്പോള്‍ ആകെയുള്ളത്. പരിക്കിന് പിന്നാലെ വിടാതെ പിന്തുടരുന്ന നടുവേദന കാരണം കടലില്‍ പോകാനാകാതെ വരുമ്പോള്‍ ഈ വീട്ടിലെ അടുപ്പില്‍ തീ പുകയാറില്ല.
പ്രളയം ദുരിതം വിതച്ച് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഷിബു തന്റെ സ്വന്തം സുഹൃത്തുക്കളുമായി രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ഓടിയെത്തിയെത്തിയിരുന്നു. ആലപ്പുഴയിലെ വെണ്‍മണി ഭാഗത്താണ് ഷിബു രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഒന്നരക്കൊല്ലം മുമ്പ് നുള്ളിപ്പെറുക്കിയ പണവും, ബാങ്കിലെ കടവും, അല്ലാതെ സുഹൃത്തുക്കളില്‍ നിന്നൊക്കെ കടം വാങ്ങി സംഘടിപ്പിച്ച പണവുമായാണ് ഏഴ് ലക്ഷത്തോളം രൂപ ചെലവാക്കി ഈ ബോട്ട് ഷിബു വാങ്ങിയത്. ആരും ആവശ്യപ്പെടാതെ തന്നെ സ്വന്തം നിലയ്ക്കാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഷിബു ഓടിയെത്തിയത്.
പേമാരിയും, കുത്തിയൊലിച്ചെത്തുന്ന വെള്ളപ്പൊക്കത്തിലും പല തവണ പലയിടത്തും ഷിബുവിന്റെ ബോട്ട് ഇടിച്ച് നിന്നു. ബോട്ടിന്റെ കേടുപാടുകള്‍ നേരിട്ട് കണ്ടെങ്കിലും പിന്നോട്ട് പോകാന്‍ ഷിബു തയ്യാറായില്ല. ജീവന് വേണ്ടി നിലവിളിക്കുന്ന മനുഷ്യജീവനുകള്‍ക്ക് മുന്നില്‍ അതെല്ലാം നിസ്സാരമായി കാണേനേ ഷിബുവിന് ആയുള്ളൂ. രക്ഷാപ്രവര്‍ത്തനം നിറുത്തിയപ്പോള്‍ മാത്രമാണ് തന്റെ ബോട്ടുകളുടെ കേടുപാടുകള്‍ പൂര്‍ണ്ണമായും ഷിബുവിന്റെ ശ്രദ്ധയില്‍ വരുന്നത്. അപ്പോഴേക്കും സമയം ഏറെ വൈകി ബോട്ടും, എന്‍ജിനും വലയും പൂര്‍ണ്ണമായും നശിച്ചു.
ബോട്ടും, ധൈര്യവും മാത്രം കൈമുതലാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഷിബു എത്തിയത്. എന്നാല്‍ മടങ്ങിപ്പോകുമ്പോള്‍ തന്റെ ജീവനോപാധിയെ അവിടെ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. അക്ഷരാര്‍ത്ഥത്തില്‍ വെറും കയ്യോടെ മടങ്ങി. നാട്ടില്‍ സ്വീകരണവും ആദരവും മുറയ്ക്ക് നടന്നു. ബോട്ട് നന്നാക്കാന്‍ പണം നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നല്‍കിയ പ്രതീക്ഷയില്‍ ഓഫീസുകള്‍ കയറി ഇറങ്ങി. അതിപ്പോഴും തുടരുന്നു. നിരവധി ജീവനുകളെ തുഴയെറിഞ്ഞ് രക്ഷിച്ച ആ ബോട്ടുപോലെ തകര്‍ച്ചയുടെ വക്കില്‍ തന്നെയാണ് ഇന്ന് ഷിബുവിന്റെ ജീവിതവും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here