ഇടുക്കിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവം; മൂന്ന് പേരെ റിമാന്റ് ചെയ്തു

father murdered by son in hyderabad

ഇടുക്കിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്നു പേരെ നെടുങ്കണ്ടം കോടതി റിമാന്റ് ചെയ്തു. വാഹന വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് യുവാവിനെ സുഹൃത്തും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. കരിമല,എർത്തടത്തിൽ സനീഷിന് കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്ത് ബിറ്റാജ്, കൂട്ടാളികളായ എൻആർ സിറ്റി സ്വദേശി രാജൻ, പൂപ്പാറ സ്വദേശി ജയരാജ് എന്നിവരെ ശാന്തമ്പാറ പൊലിസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട സനീഷ് ഇടനില നിന്ന് ബിറ്റാജിന് 5 ലക്ഷം രൂപയ്ക്ക് ഒരു ജീപ്പ് വാങ്ങി നൽകിയിരുന്നു. ഒന്നര ലക്ഷം രൂപ മാത്രമാണ് ബിറ്റാജ് നൽകിയത്. ബാക്കി തുക നൽകാൻ ഇയാൾ തയ്യാറാകാതെ വന്നതോടെ ശനിയാഴ്ച്ച വെെകുന്നേരം ഏഴരയോടെ സനീഷ് ബിറ്റാജിന്റെ ഉടമസ്ഥതയില്‍ പൂപ്പാറ മുള്ളൻതണ്ടിലുള്ള ഹോംസ്റ്റേയിലെത്തി. സനീഷിന്റെ സുഹൃത്തുക്കൾ പൂപ്പാറ ടൗണിൽ കാത്തു നിന്നു. ബിറ്റാജിന്റെ പക്കൽ നിന്നും തന്ത്രപൂര്‍വം ജീപ്പ് തിരികെ വാങ്ങുകയായിരുന്നു സനീഷിന്റെ ലക്ഷ്യം. ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിൽ സനീഷ് ഒരു വിവാഹത്തിനു പോകാൻ ജീപ്പ് വേണമെന്നാവശ്യപ്പെട്ടു. ഇവർ തമ്മിലുള്ള സംസാരം പൂപ്പാറയിൽ കാത്തു നിൽക്കുന്ന സുഹൃത്തുക്കളെ അറിയിക്കാനായി സനീഷ് സുഹൃത്തിന്റെ മൊബെെൽ ഫോണിലേക്ക് ഡയൽ ചെയ്ത ശേഷം കോൾ കട്ടു ചെയ്തിരുന്നില്ല. സംശയം തോന്നിയ ബിറ്റാജ് സനീഷിന്റെ ഫോൺ ബലം പ്രയോഗിച്ച് വാങ്ങി പരിശോധിച്ചു. കോൾ കട്ടു ചെയ്തിട്ടില്ലെന്ന് മനസിലാക്കിയതോടെ മദ്യലഹരിയിലായിരുന്ന ബിറ്റാജും സുഹൃത്തുക്കളും ചേർന്ന് സനീഷിനെ മർദിച്ചു. എതിർക്കാൻ ശ്രമിച്ച സനീഷിന്റെ മൂക്കിനിടിക്കുകുയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ബോധരഹിതനായി വീണ സനീഷ് മരിച്ച വിവരം പ്രതികൾ 10 മണിയോടെയാണ് അറിയുന്നത്.

കൊലപാതക വിവരം മറച്ചു വയ്ക്കാനായി 1 മണിയോടെ ബിറ്റാജ് ശാന്തമ്പാറ പൊലിസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് തന്റെ ഹോം സ്റ്റേയിൽ മോഷണം നടത്താനെത്തിയയാളെ പിടികൂടി മർദിച്ച് കെട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. തന്റെ ജീപ്പിൽ ടെെൽ കയറ്റിയതിനാല്‍ മർദനത്തിൽ പരുക്കേറ്റ മോഷ്ടാവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനം വേണമെന്നും ബിറ്റാജ് പൊലിസിനോടു പറഞ്ഞു. പൊലിസ് ഏര്‍പ്പെടുത്തിയ വാഹനത്തിൽ ബിറ്റാജും സുഹൃത്തുക്കളും ചേർന്ന് സനീഷിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലെത്തിയ പൊലിസിനോട് സനീഷ് മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞതായി ഡോക്ടർ അറിയിച്ചു. തുടർന്ന് പൊലിസ് ബിറ്റാജിനെയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണവും മയക്ക് മരുന്ന് മാഫിയയുമായി എന്തെങ്കിലും ബന്ധം കൊലപാതകത്തിന് ഉണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top