രാജസ്ഥാനിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്

രാജസ്ഥാനിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. രണ്ടു സംസ്ഥാനങ്ങളിലെയും നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.
രാജസ്ഥാനിൽ മുഖ്യമന്ത്രി ആകാൻ നിർദ്ദേശം ലഭിച്ച അശോക് ഗെലോട് ജയ്പൂരിലേക്ക് പോകാൻ മൂന്നു വട്ടമാണ് ഡൽഹി വിമാന താവളത്തിൽ എത്തിയത്. എന്നാൽ മൂന്നു തവണയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തെ തിരികെ വിളിച്ചു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി ആക്കാത്തത്തിലുള്ള പ്രതിഷേധത്തെ ചെറുതായി കാണാൻ കഴിയില്ല എന്നതാണ് രാഹുലിനെ കുഴക്കുന്നത്. ആദ്യം പൈലറ്റിനെയും ശേഷം അശോക് ഗെലോടിനെയും കണ്ടു രാഹുൽ ചർച്ചകൾ നടത്തും. തമർദ്വാജ് സാഹു, ബുപേഷ് ബഹൽ, ടി എസ് സിംഗ് ഡീയോ എന്നിവരാണ് ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി പദത്തിനു അവകാശം ഉന്നയിക്കുന്നത്. മൂന്നു പേരും ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായി നടക്കുന്ന ചർച്ചയിൽ സമവായമാകുമെന്നാണ് പ്രതീക്ഷ. രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ ഇന്ന് കൊണ്ട് അവസാനീപ്പിക്കാനാണ് ഹൈക്കമാന്റിന്റെ ശ്രമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here