റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി

റഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പൊതുതിരഞ്ഞെടുപ്പ് അടുക്കവെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടാൽ കേന്ദ്രസർക്കാരിന് അത് വന്‍ തിരിച്ചടിയായേക്കുമായിരുന്നു. ഇടപാടിലും കരാറിലും സംശയം ഇല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. വില താരതമ്യം ചെയ്യുക എന്നത് കോടതിയുടെ ചുമതലയല്ലെന്നും കോടതി വ്യക്തമാക്കി.
അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവരാണ് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ദസാൾട്ടിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
നവംബർ 14 മുതൽ ആണ് കേസിൽ സുപ്രിംകോടതിയിൽ വാദം ആരംഭിച്ചത്. സുപ്രീംകോടതി ആവശ്യപ്രകാരം റാഫേൽ ഇടപാടിലേക്ക് നയിച്ച തീരുമാനങ്ങളെടുത്തതിന്റെ വിശദാംശങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ദസോൾട്ടുമായുള്ള കരാറിന് ഫ്രഞ്ച് സർക്കാരിന്റെ നിയമപരമായ ഉറപ്പില്ലെന്ന് വാദത്തിനിടെ കേന്ദ്രസർക്കാർ കോടതിയിൽ സമ്മതിച്ചു. റിലയൻസിനെ പങ്കാളിയാക്കിയതിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നായിരുന്നു മറ്റൊരു നിലപാട്. പാർലമെന്റിൽ പോലും വയ്ക്കാത്ത വിലവിവരം പുറത്ത് വിടുണമെന്ന വാദത്തെയും രാജ്യസുരക്ഷയെ മുന്നിർത്തി കേന്ദ്രസർക്കാർ എതിർത്തു.
റഫേൽ വിമാനങ്ങളുടെ നിർമാതാക്കളായ ദാസ്സൂദ് കമ്പനി യുപിഎ കാലത്ത്, 2012ൽ നൽകിയ ടെണ്ടറിൽ ഒരു വിമാനത്തിന‌് 526 കോടി രൂപയാണ് കാണിച്ചിരുന്നത്. 36 വിമാനത്തിന‌് 18,940 കോടിയും. വിമാനമൊന്നിനു 1670 കോടിരൂപ നിരക്കിൽ 60,145 കോടി രൂപയ്ക്കാണ് മോഡിസർക്കാർ 36 വിമാനം വാങ്ങിയത് എന്നായിരുന്നു വാദം. എന്നാല്‍ ഇത്തരത്തില്‍ വില താരതമ്യം ചെയ്യുന്നത് കോടതിയുടെ ഉത്തരവാദിത്തം അല്ലെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.
റഫേലിനെ എതിര്‍ത്തിരുന്നവര്‍ ഏറ്റവും കൂടുതലായി ഉയര്‍ത്തിയ വാദമായിരുന്നു വിലയിലെ ഈ വ്യത്യാസം. ഇതിന്റെ ഫലമായി സര്‍ക്കാറിന് 41,2015കോടിയുടെ നഷ്ടമുണ്ടായെന്നാണ് രാഹുല്‍ഗാന്ധിയടക്കം ഉള്ളവര്‍ എപ്പോഴും ആരോപിച്ചിരുന്നത്. കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ഫ്രാൻസ് സന്ദർശനത്തിലാണ് കരാർ ഉറപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷകാര്യ സമിതിയുടെ അനുമതി കിട്ടും മുമ്പാണ് പ്രധാനമന്ത്രി കരാർ ഉറപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here